fever

പ്രതിരോധിക്കാൻ ജില്ല

കൊച്ചി: ജില്ലയിൽ കൊവിഡിനു പിന്നാലെ കൊതുക്- ജലജന്യ രോഗങ്ങൾ ഗണ്യമായി വർദ്ധിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ് ബി, ഡയറിയ(അതിസാരം) തുടങ്ങിയ രോഗങ്ങൾ മൂലം ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണമാണ് മുന്നിൽ.

ഈ വർഷം ഇതു വരെ 1,833 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 10 പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. 191 പേർക്ക് എലിപ്പനിയും 203 പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും 50 പേർക്ക് ഹെപ്പറ്റൈറ്റിസ് സിയും സ്ഥിരീകരിച്ചു. 14 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. കർഷകർക്കിടയിലും ക്ഷീര കർഷകർക്കിടയിലുമാണ് എലിപ്പനി കൂടുന്നത്.

കൊച്ചി കോർപ്പറേഷൻ പരിധിയിലും തൃക്കാക്കര, കളമശ്ശേരി, ആലുവ മുനിസിപ്പാലിറ്റികളിലുമാണ് ഡെങ്കിപ്പനിയും എലിപ്പനിയും ഏറ്റവുമധികം റിപ്പോർട്ട് ചെയ്തത്. ആകെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 43 ശതമാനവും കോർപ്പറേഷൻ പരിധിയിലാണ്.

പ്രത്യേക സാഹചര്യം മുൻനിർത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർക്ക് കളക്ടർ ജാഫർ മാലിക്ക് നിർദേശം നൽകി. കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതോടൊപ്പം ഡ്രൈ ഡേ കർശനമായി ആചരിക്കണമെന്നാണ് നിർദ്ദേശം.

കുടുംബശ്രീ, ആശാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണം, അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെ കൊതുകു നശീകരണം, വാർഡ് തലത്തിലെ സാനിറ്റൈസേഷൻ കമ്മിറ്റികൾ ഊർജിതമാക്കുക, ഫോഗിംഗ് ശക്തമാക്കൽ എന്നിവ കർശനമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

സാഹചര്യം വിലയിരുത്താൻ ജില്ലാഭരണകൂടം വിളിച്ച ഓൺലൈൻ യോഗത്തിൽ ജില്ല മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ, ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോജക്ട് ഓഫീസർ ഡോ. സജിത്ത് ബാബു, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ശീദേവി, കൊവിഡിതര രോഗങ്ങളുടെ ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. വിനോദ് പൗലോസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർസംബന്ധിച്ചു.

ഡെങ്കിപ്പനി ലക്ഷണങ്ങൾ

തീവ്രമായ പനി

കടുത്ത തലവേദന

കണ്ണുകൾക്ക് പിന്നിൽ വേദന

പേശികളിലും സന്ധികളും വേദന

നെഞ്ചിലും മുഖത്തും അഞ്ചാം പനിപോലെ തൊലിപ്പുറത്ത് ചുവന്ന തടിപ്പുകൾ

ഓക്കാനവും ഛർദിയും

എലിപ്പനി ലക്ഷണങ്ങൾ

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി

പനിയോടൊപ്പം വിറയൽ

ശക്തമായ തലവേദന

ശക്തമായ പേശീവേദന(കാൽമുട്ടിന് താഴെയുള്ള പേശികളിലും നടുവിനും കൂടുതൽ)

കണ്ണിനു ചുവപ്പുനിറം. കണ്ണുകൾ ചുവന്ന് വീർക്കുന്നു.


*എല്ലാവർക്കും എല്ലാ ലക്ഷണങ്ങളും കാണണമെന്നില്ല.