
കൊച്ചി: മൂന്ന് പതിറ്റാണ്ടായി അയ്യായിരത്തിലേറെ വേദികളിൽ കൂത്തും കൂടിയാട്ടവുമായി നിറഞ്ഞു നിന്ന കലാകാരന്റെ ജീവിതം പ്രളയവും കൊവിഡും സൃഷ്‌ടിച്ച ദുരിത പർവ്വത്തിൽ.
അരങ്ങ് നൽകിയ ഭേദപ്പെട്ട വരുമാനം ഇല്ലാതായപ്പോൾ ബാങ്കിന്റെ ജപ്തി ഒഴിവാക്കാൻ, 80 ലക്ഷം രൂപയെങ്കിലും കിട്ടേണ്ട പറമ്പും വീടും പകുതി വിലയ്‌ക്ക് വിറ്റു...ഇപ്പോൾ കുടുംബം പോറ്റാൻ തട്ടുകട നടത്തുകയാണ് പ്രശസ്ത ചാക്യാർകൂത്ത് കലാകാരൻ അങ്കമാലി സ്വദേശി എളവൂർ അനിൽ.
പതിനെട്ട് സെന്റ് സ്ഥലവും 2300 ചതുരശ്ര അടി വീടുമാണ് പോയത്. ബാങ്കിന്റെ കുടിശികയും മറ്റ് ബാദ്ധ്യതകളും തീത്തപ്പോൾ ശേഷിച്ചത് തുച്ഛമായ തുക. അതുകൊണ്ട് താെട്ടടുത്ത് തന്നെ ആറ് സെന്റ് സ്ഥലം വാങ്ങി. കഴിഞ്ഞ ദിവസമായിരുന്നു രജിസ്ട്രേഷൻ.
നാലും ആറു വയസുള്ള മക്കൾ, ഭാര്യ, 80 വയസായ അമ്മ...വീട് കൈമാറിക്കഴിഞ്ഞാൽ ഇവരെയും കൊണ്ട് വാടകവീട്ടിലേക്ക്. കേരള ക്ഷേത്രകലാ പുരസ്‌കാരം, വിദൂഷകശ്രീ തുടങ്ങി ആയിരത്തിലേറെ പുരസ്‌കാരങ്ങൾ സൂക്ഷിക്കാൻ ഇടമില്ല, കത്തിച്ചുകളയണം -- അനിൽ (48 ) നെഞ്ചിടറി പറഞ്ഞു.
2018ലെ പ്രളയമാണ് ആദ്യം പരീക്ഷിച്ചത്. ഉത്സവങ്ങളും വേദികളും ഇല്ലാതായി. പിന്നാലെ നിത്യദുരിതമേകി കൊവിഡ്. 2016ൽ എടുത്ത 18 ലക്ഷം രൂപയുടെ ബാങ്ക് വായ്പ കുടിശികയായി. പലിശയുൾപ്പെടെ പത്ത് ലക്ഷം തിരിച്ചടച്ചു. 2018ന് ശേഷം തവണ മുടങ്ങിയതോടെ കുടിശിക 27ലക്ഷം രൂപയായി. കേണപേക്ഷിച്ചെങ്കിലും ബാങ്ക് ഒരു രൂപപോലും ഇളവ് നൽകിയില്ല. ലോക്ക്‌ഡൗണിന് ശേഷം തട്ടുകട തുടങ്ങിയെങ്കിലും വായ്പ തിരിച്ചടയ്ക്കാൻ ബാങ്ക് സാവകാശം നൽകിയില്ല. ജപ്തി നോട്ടീസ് ആവർത്തിച്ചപ്പോഴാണ് കിട്ടിയ വിലയ്ക്ക് കിടപ്പാടം വിറ്റത്.
33 വർഷം, 5000 വേദികൾ
അനിൽ 13-ാം വയസിലാണ് അരങ്ങിലെത്തിയത്. കലാമണ്ഡലം മാണി വാസുദേവ ചാക്യാരാണ് ഗുരു. 33 വർഷം ചാക്യാർ കൂത്തും കൂടിയാട്ടവും അവതരിപ്പിച്ചു. കൂത്തിന് മിഴാവ് കൊട്ടുന്നയാൾക്കും ചേർത്ത് 15,000 രൂപയും കൂടിയാട്ടത്തിന് അഞ്ചംഗസംഘത്തിന് 40,000 രൂപയും പ്രതിഫലം. വർഷം 150ഓളം പരിപാടികൾ.
പ്രളയവും കൊവിഡും സ്റ്റേജ് കലാകാരൻമാരെ ദുരിതത്തിലാക്കി. സർക്കാർ സഹായിച്ചാലേ പരിഹാരമുള്ളൂ. സർക്കാരിന്റെ കൊവിഡ് ബോധവത്കരണത്തിനും അനിൽ കൂത്ത് അവതരിപ്പിച്ചിരുന്നു. കൊവിഡ് മാറിത്തുടങ്ങിയെങ്കിലും വേദികൾ ഉണർന്നിട്ടില്ല.
കഥകളി ചെണ്ടവാദ്യ കലാകാരി കലാനിലയം രഞ്ജിനിയാണ് ഭാര്യ. മക്കൾ: അദ്രിജ (6), അദ്രിജിത്(4).