agri

നെടുമ്പാശേരി: ഓണക്കാലത്ത് ഏറ്റവുമധികം പച്ചക്കറികൾ വിളയുന്ന കുന്നുകര പഞ്ചായത്തിലെ വയൽകരയിൽ ഇത്തവണ ഓണപ്പൂക്കളമൊരുക്കാനുള്ള ചെണ്ടുമല്ലിപ്പൂവുകളും വിരിയും. ഇൻഫോപാർക്കിൽ ഐ.ടി കമ്പനി ഉദ്യോഗസ്ഥയായ വയൽകര ശീവൊള്ളി വിഷ്ണുപ്രിയയിൽ അഞ്ജലി വാസുദേവനാണ് വീടിനോട് ചേർന്നുള്ള 50 സെന്റ് സ്ഥലത്ത് ചെണ്ടുമല്ലിപ്പൂവ് കൃഷി ആരംഭിച്ചിരിക്കുന്നത്.

'ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി കുന്നുകര കൃഷിഭവന്റെ സഹകരണത്തോടെയാണ് പൂക്കൃഷി. ആയിരം എണ്ണം വീതം ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ചെണ്ടുമല്ലികളാണ് കൃഷി ചെയ്യുന്നത്. പറവൂർ പള്ളിയാക്കൽ സർവീസ് സഹകരണബാങ്ക് വഴിയാണ് തൈകൾ ലഭ്യമാക്കിയത്. ഹൈബ്രിഡ് വിഭാഗത്തിൽപ്പെട്ട ഓമ്‌നി ഓറഞ്ച് പ്ലസ്, യെല്ലോ 307 എന്നീ ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്. ചെണ്ടുമല്ലിപ്പൂക്കൾ അത്തത്തിന് തലേന്ന് മുതൽ വിളവെടുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ചെണ്ടുമല്ലിക്കൃഷിയുടെ തൈനടീൽ കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗങ്ങളായ രമ്യ സുനിൽ, സുധ വിജയൻ, എ.ബി. മനോഹരൻ, കൃഷി ഓഫീസർ പി.എം. സാബിറ ബീവി, അസി. കൃഷി ഓഫീസർ പി.എ. സെയ്തുമുഹമ്മദ്, അഞ്ജലി വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു.