
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ വഴിയാത്രക്കാരെ ഇടിച്ചിട്ടു
കൊച്ചി: മോഷ്ടിച്ച ഓട്ടോറിക്ഷ ഉപയോഗിച്ച് സർവീസ് നടത്തിവന്നയാളും കൂട്ടാളിയും മോഷ്‌ടിച്ച മറ്റൊരു ഓട്ടോയുമായി പൊലീസിന്റെ പിടിയിലായി. മട്ടാഞ്ചേരി മാളിയേക്കൽപ്പറമ്പിൽ വീട്ടിൽ ഷിഹാബ് സിയാദ് (27), കൂട്ടാളി ചുള്ളിക്കൽ തണ്ടിപ്പറമ്പിൽ വീട്ടിൽ മുൻസിൽ (25) എന്നിവരാണ് പിടിയിലായത്.
കടവന്ത്ര പി.ആൻഡ്.ഡി കോളനിയിൽ നിന്ന് കഴിഞ്ഞ 18ന് പുലർച്ചെയാണ് ഇവർ ഓട്ടോ മോഷ്‌ടിച്ചത്. കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷിഹാബ് മട്ടാഞ്ചേരിയിൽ ഈ ഓട്ടോയുമായി സർവീസ് നടത്തുന്നുണ്ടെന്ന് അറിഞ്ഞു. 23ന് പൊലീസ് ഇവരെത്തേടി മട്ടാഞ്ചേരിയിലെത്തി. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ ഓട്ടോ രണ്ടു വഴിയാത്രികരെ ഇടിച്ചിട്ടു. ഇവർ പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
പിടികൊടുക്കാതെ ഇടുക്കിയിലേക്ക് മുങ്ങിയ ഷിഹാബ് പിന്നീട് മറ്റൊരു ഓട്ടോ മോഷ്‌ടിച്ച് കഴിഞ്ഞദിവസം മട്ടാഞ്ചേരിയിൽ തിരിച്ചെത്തിയിരുന്നു. ഇന്നലെ പൊലീസിന്റെ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലായത്. മോഷ്‌ടിച്ച വാഹനങ്ങൾ ഇയാളിൽ നിന്ന് വാങ്ങിയിരുന്ന മുൻസിലിനെയും പിന്നീട് പിടികൂടി. ഇരുവരും നിരവധി മോഷണക്കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
പി.ആൻഡ്.ഡി കോളനിയിൽ നിന്ന് മോഷ്ടിച്ച ഓട്ടോ വെള്ളത്തൂവൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഓട്ടോറിക്ഷകൾ മോഷ്ടിച്ചതിന് രണ്ട് കേസുകളും യാത്രക്കാരെ ഇടിച്ചതിന് മറ്റൊരു കേസും ഷിഹാബിനെതിരെ ചുമത്തി. കടവന്ത്ര സി.ഐ അൻവർ, എസ്.ഐ അനിൽകുമാർ, എസ്.സി.പി.ഒ ദിലീപ്, സി.പി.ഒമാരായ ഉണ്ണിക്കൃഷ്ണൻ, അനിൽകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.