പള്ളുരുത്തി: ഇടക്കൊച്ചി വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർമാർ വില്ലേജ് ഓഫീസിനു മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ലൈലദാസ്, ജീജ ടെൻസൺ എന്നിവരാണ് വില്ലേജ് ഓഫീസിനു മുമ്പിൽ പ്രതിഷേധിച്ചത്. വിരമിച്ച വില്ലേജ് ഓഫീസർക്കു പകരം ആളെ നിയമിക്കാത്തതിനാൽ വിവിധ കാര്യങ്ങൾക്കായി ഓഫീസിലെത്തുന്നവർ വലയുകയാണെന്ന് കൗൺസിലർമാർ പറഞ്ഞു. വില്ലേജിൽ ഓഫീസറില്ലാത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. വില്ലേജ് ഓഫീസുകളിൽ നിന്നും ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾക്ക് അക്ഷയ സെന്റർ വഴി അപേക്ഷ നൽകിയ നിരവധി പേരാണ്‌ സർട്ടിഫിക്കറ്റ്‌ ലഭിക്കാതെ നിലവിൽ വിഷമിക്കുന്നത്‌. രാമേശ്വരം വില്ലേജ് രണ്ട് ഓഫീസുകൾ വില്ലേജും കൂടി ഒറ്റയ്ക്ക് കൈകാര്യം ചെയ്യുക ബുദ്ധിമുട്ടാണ്. വില്ലേജ് ഓഫീസറെ നിയമിക്കാൻ അടിയന്തരനടപടി വേണമെന്നാവശ്യപ്പെട്ട് കൊച്ചി നഗരസഭാംഗം അഭിലാഷ് തോപ്പിൽ ജില്ലാ കളക്ടർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.