തൃക്കാക്കര: തൃക്കാക്കരയിലെ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിനുള്ള ഡി.പി.ആർ തയാറാക്കുന്നതിൽ കാലതാമസം വരുത്തിയെന്ന നഗരസഭയുടെ ആരോപണം ഊരാളുങ്കൽ സൊസൈറ്റി തള്ളി. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ പറഞ്ഞു. സർവേ നടത്തി ഡി.പി.ആർ തയാറാക്കുന്നതിൽ അനാസ്ഥ കാട്ടിയെന്ന് ആരോപിച്ച് ഊരാളുങ്കൽ സൊസൈറ്റിയെ കരാറിൽ നിന്ന് ഒഴിവാക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.
ജനുവരി 10നാണ് നഗരസഭയുമായി ഊരാളുങ്കൽ കരാർ ഒപ്പുവെക്കുന്നത്.
25ന് തന്നെ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുന്ന സ്ഥലത്തെ സർവേ നടപടികളുമായി ഊരാളുങ്കൽ സൊസൈറ്റി മുന്നോട്ടുപോയി.
എന്നാൽ സർവേയ്ക്കെതിരെ റവന്യൂ വകുപ്പ് രംഗത്തെത്തി. തുടർന്ന്
റവന്യൂ വകുപ്പിന്റെ സ്ഥലമായതിനാൽ വകുപ്പിന്റെ അനുമതിയോടെ മാത്രമേ പ്രവൃത്തികൾ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂവെന്ന് സൊസൈറ്റി നഗരസഭയെ അറിയിച്ചു. സർവേക്കുള്ള തടസം നീക്കണമെന്ന് നഗരസഭയോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് നഗരസഭയ്ക്ക് കത്തും എഴുതി. ഇപ്പോഴത്തെ സാഹചര്യത്തിൽ നഗരസഭയുടെ കൈവശമുള്ള ഭൂമിയിൽ മാത്രമേ സർവേ നടത്താൻ കഴിയുകയുള്ളൂ. ഇതിന്റെ അതിർത്തി നിർണയിച്ചാൽ എത്രയും വേഗം സർവേ പൂർത്തിയാക്കി ഡി.പി.ആർ തയാറാക്കുമെന്നും ഊരാളുങ്കൽ സൊസൈറ്റി വ്യക്തമാക്കി.