
കൊച്ചി: നടൻ വിജയ്ബാബു വിഷയത്തിൽ ഇരട്ടനീതി നിലപാടാണ് കെ.ബി ഗണേഷ്‌കുമാറിനെന്നും സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നും താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു ഫേസ്ബുക്ക് പേജിലെ കത്തിൽ പറഞ്ഞു.
പൊതുയോഗത്തിലെ തീരുമാനങ്ങൾക്കെതിരെ നടനും മുൻമന്ത്രിയുമായ കെ.ബി. ഗണേഷ്‌കുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയായാണിത്.
അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന പ്രസ്ഥാനമെന്ന നിലയ്ക്കാണ് അമ്മയെ ക്ലബ്ബെന്ന് പരാമർശിച്ചത്. ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരമാണ് അമ്മയും ക്ലബ്ബുകളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചീട്ടുകളിക്കാനും മദ്യപിക്കാനുമുള്ള വേദിയായി അതിനെ വ്യാഖ്യാനിക്കേണ്ട. ജനങ്ങളെ സഹായിക്കുകയും സേവനപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന ലയൺസ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ് തുടങ്ങിയ പ്രസ്ഥാനങ്ങളെ ആരും വിലകുറച്ച് കാണാറില്ല.
കോടതി മുൻകൂർജാമ്യം അനുവദിക്കുകയും കേസന്വേഷണം പ്രാരംഭഘട്ടത്തിൽ നിൽക്കുകയും ചെയ്യുന്ന സ്ഥിതിക്ക് വിജയ് ബാബുവിനെതിരെ നടപടിയെടുക്കാനാകില്ല. എൻ.ഐ.എ അറസ്റ്റുചെയ്ത് ജയിലിലടച്ച ബിനീഷ് കൊടിയേരിക്കെതിരെ കേസിൽ വിധിവരുന്നതുവരെ സസ്‌പെൻഷൻ പോലും വേണ്ടന്ന നിലപാടിനൊപ്പം ഗണേഷ്‌കുമാറുമുണ്ടായിരുന്നു. ഇപ്പോൾ എന്താണ് ഇരട്ടനീതി. ജഗതി ശ്രീകുമാറിനെതിരെയും പ്രിയങ്കക്കെതിരെയും കേസുണ്ടായപ്പോഴും ഗണേഷ്‌കുമാർ ഉൾപ്പെട്ട മുൻകമ്മിറ്റി ഇതേനിലപാടാണെടുത്തത്.
പ്രസിഡന്റ് മോഹൻലാലിന് നേരിട്ടയച്ച കത്തുകൾക്കെല്ലാം ഫോണിലൂടെയെങ്കിലും മറുപടി നൽകിയിട്ടുണ്ട്. 27വർഷമായി സംഘടനയെ നയിക്കാൻ മുന്നിൽ നിന്നയാൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ജനങ്ങൾക്കിടയിൽ സംഘടനയ്ക്ക് വലിയ അവമതിപ്പുണ്ടാക്കും. തെറ്റുതിരുത്താനാണ് കത്ത്. വീഴ്ചകളുണ്ടായാൽ വിളിച്ചുപറയാനും തിരുത്താനും സ്വാതന്ത്ര്യവും അടുപ്പവുമുള്ളപ്പോൾ മാദ്ധ്യമവിചാരണ നടത്തേണ്ടിയിരുന്നില്ല. ചെയ്യാത്തകുറ്റത്തിന് തന്നെ ക്രൂശിക്കരുതെന്നും ഇടവേള ബാബു കത്തിൽ പറഞ്ഞു.
ഗണേശ് കുമാറുംവേട്ടയാടി:
ഷമ്മി തിലകൻ
കൊല്ലം: താരസംഘടനയായ അമ്മയ്ക്കെതിരെ നടനും പത്തനാപുരം എം.എൽ.എയുമായ ഗണേശ് കുമാർ നടത്തിയ വിമർശനത്തിന്റെ പകുതിപോലും താൻ നടത്തിയിട്ടില്ലെന്ന് ഷമ്മി തിലകൻ. തന്റെ പിതാവ് തിലകനോടുള്ള വിരോധത്തിന്റെ പേരിൽ ഗണേശ് കുമാർ തന്നെയും വേട്ടയാടി. 'അമ്മ' മാഫിയ സംഘമാണെന്ന് പറഞ്ഞത് ഗണേശ് കുമാറാണ്.
അമ്മയ്ക്ക് താൻ നൽകിയ വിശദീകരണത്തിൽ എന്താണ് തൃപ്തികരമല്ലാത്തതെന്ന് വ്യക്തമാക്കിയിട്ടില്ല.
സ്ത്രീപീഡനക്കേസിൽ കുറ്റാരോപിതനായിരിക്കുന്ന വ്യക്തി കൂടി ഉൾപ്പെടുന്ന അന്വേഷണ കമ്മിഷന് മുന്നിൽ വിശദീകരണം നൽകണമെന്നാണ് പറയുന്നത്. നേരിൽ പോകാൻ ബുദ്ധിമുട്ടുള്ളതിനാൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കാമെന്ന് പറഞ്ഞു. അതു പറ്റില്ലെന്നാണ് പറയുന്നത്. നാലു ദിവസത്തിനുള്ളിൽ മറുപടി നൽകാൻ സാധിക്കില്ല.
സംഘടനാ ബൈലാ പ്രകാരം മറ്റൊരു സംഘടനയുടെ ഭാരവാഹിയായിരിക്കാൻ പാടില്ല. എന്തുകൊണ്ടാണ് ഗണേശ് കുമാർ 'ആത്മ'യുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത്. അമ്മയുടെ ഫണ്ട് ഉപയോഗിച്ച് ഗണേശ് കുമാർ പത്തനാപുരത്ത് തിരഞ്ഞെടുപ്പിന് മുമ്പായി രണ്ട് സ്ത്രീകൾക്ക് വീടു നിർമ്മിച്ചുനൽകി. ഗണേശ് കുമാർ തന്നെയാണ് അമ്മയുടെ കെട്ടിടം ക്ലബ് പോലെയാണെന്ന ആശങ്ക പ്രകടിപ്പിച്ചത്.
ഹരീഷ് പേരടി രാജിവച്ചത് ശരിയായില്ല. സംഘടനയ്ക്കുള്ളിൽ നിൽക്കണമായിരുന്നു. തനിക്കെതിരെ 2018 മുതൽ സിനിമയിൽ നിന്ന് അപ്രഖ്യാപിത വിലക്കുണ്ടെന്നും ഷമ്മി പറഞ്ഞു.
എന്നെ ചൊറിയരുത്, മാന്തും
തനിക്കെതിരെ അമ്മയിൽ നിന്ന് ജാതീയ വേർതിരിവുണ്ടായി. പല അംഗങ്ങളുടെയും ബാങ്ക് ബാലൻസ് പരിശോധിക്കണം. ആദായനികുതി വകുപ്പുമായി അമ്മയ്ക്ക് ആറു കോടിയുടെ കേസുണ്ട്. ഇതൊന്നും ഗണേശ് കുമാർ എന്തുകൊണ്ടാണ് ചോദിക്കാത്തത് ?. താൻ പലതും തുറന്ന് പറയും. എന്നെ ചൊറിയരുത്, ചൊറിഞ്ഞാൽ മാന്തും - ഷമ്മി പറഞ്ഞു.