വൈപ്പിൻ: വൈപ്പിനും ഫോർട്ട്‌കൊച്ചിയും നേരിട്ടു ബന്ധിപ്പിക്കുന്നതിന് ഭൂഗർഭ പാതയോ എലിവേറ്റഡ് ഹൈവേയോ നിർമ്മിക്കുന്നതിന്റെ സാദ്ധ്യത പഠിക്കാൻ നിർദ്ദേശം നൽകിയതായി പൊതുമരാമത്ത് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ്. പദ്ധതിക്ക് വേണ്ടി വരുന്ന തുക കണക്കാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വൈപ്പിനിലൂടെയും കൊച്ചിയിലൂടെയും കടന്നുപോകുന്ന ബൃഹദ് പദ്ധതിയായ തീരദേശ ഹൈവേ കൊച്ചി അഴിമുഖത്ത് മുറിഞ്ഞുപോകുന്നത് ഒഴിവാക്കാൻ ബദൽ മാർഗങ്ങൾ സംബന്ധിച്ച് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിയമസഭയിലുന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കേരള റോഡ് ഫണ്ട് ബോർഡിന്റെ ചുമതലയിൽ നിർമ്മിക്കുന്ന തീരദേശ ഹൈവേയുടെ എറണാകുളം, തൃശൂർ ജില്ലകളിലെ വിശദ പദ്ധതി രേഖ തയ്യാറാക്കുന്നത് എൽ. ആൻഡ് .ടി. എന്ന കൺസൾട്ടന്റ് ആണ്. വൈപ്പിൻ ഫോർട്ട് കൊച്ചി ഭൂഗർഭ പാത അല്ലെങ്കിൽ എലിവേറ്റഡ് ഹൈവേയുടെ സാദ്ധ്യതയും ചെലവും കണക്കാക്കാൻ എൽ. ആൻഡ് . ടി. യെ തന്നെയാണ് നിയോഗിച്ചിട്ടുള്ളത്. തീരദേശ ഹൈവേയുടെ വിശദ പദ്ധതി റിപ്പോർട്ടിന്റെ കരട് രേഖ സംബന്ധിച്ച് കിഫ്ബിയിൽ നടന്ന ചർച്ചയിൽ വൈപ്പിനെയും ഫോർട്ട് കൊച്ചിയെയും നേരിട്ട് ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉയർന്നിരുന്നു. തുടർന്നാണ് നിലവിലെ റോ റോ സർവ്വീസുകൾ തുടരുന്നതിനു പകരം സംവിധാനത്തിന്റെ സാദ്ധ്യത പഠിക്കാൻ നിർദ്ദേശം നൽകിയതെന്ന് മന്ത്രി മുഹമ്മദ് റിയാസ് കെ. എൻ. ഉണ്ണിക്കൃഷ്ണന് നൽകിയ മറുപടിയിൽ വിശദീകരിച്ചു.