കൊച്ചി: കൊച്ചിക്കായലും വൈപ്പിൻ ഫിഷറീസ് ഓഫീസും മത്സ്യത്തൊഴിലാളികൾ 30ന് ഉപരോധിക്കുമെന്ന് കേരള പരമ്പരാഗത മത്സ്യ തൊഴിലാളി സമിതി ജില്ലാ ഓഫീസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് പി.വി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് ടി.ടി. അലോഷ്യസ് അദ്ധ്യക്ഷനാകും. ചെറുതും വലുതും വളളങ്ങളുമായി നൂറു കണക്കിന് മത്സ്യത്തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കും. സർക്കാർ അധീനതയിലുളള വൈപ്പിൻ ഗോശ്രീപുരം ഫിഷ് ലാന്റിംഗ് സെന്ററിൽ മീൻ വിൽക്കുന്നതിനും വള്ളങ്ങൾ കെട്ടിയിടുന്നതിനും വല പുനർനിർമ്മാണത്തിനും അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കിയില്ല, മത്സ്യഫെഡ് വഴി സംഘങ്ങൾ വിതരണം ചെയ്തിരുന്ന ഉത്പാദന ബോണസ് നിർത്തിവച്ചു, ചികിത്സാസഹായം നിഷേധിക്കുന്നു, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധം. ജില്ല സെക്രട്ടറി പി.വി. ജയൻ, ടി.എസ്.സുധീർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.