മൂവാറ്റുപുഴ: കടാതി വാളകത്തുള്ള സിനിമാ സാങ്കേതികപ്രവർത്തകനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വീട്ടിൽനിന്ന് വൻതുക വിലമതിക്കുന്ന ഉപകരണങ്ങൾ കടത്തിക്കൊണ്ടുപോയ കേസിലെ പ്രധാനപ്രതിയും സൂത്രധാരനും കൂട്ടാളിയും പിടിയിലായി. ഒന്നാംപ്രതി മലപ്പുറം തിരൂരങ്ങാടി അരിയല്ലൂർ വള്ളികുന്നുകാവ് കളത്തിൽവീട്ടിൽ സനീഷ് (46), രണ്ടാംപ്രതി കൊടക്കാട് കരയിൽ കാവുകളത്തിൽ അമ്പലത്തിന് സമീപം കാവുകളത്തിൽവീട്ടിൽ രാജേഷ് (38) മൂന്നാംപ്രതി വൈക്കം ഉദയനാപുരം കരയിൽ ബ്ലോക്ക് ഓഫീസിനുസമീപം കുറ്റുവെളിയിൽവീട്ടിൽ അർജുൻ (25) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് ബംഗളൂരുവിൽനിന്ന് അറസ്റ്റുചെയ്തത്. ഇതോടെ കേസിലെ അഞ്ചുപ്രതികളും അറസ്റ്റിലായി.
കഴിഞ്ഞമാസം ഏഴിനായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയും സിനിമാപ്രവർത്തകനുമായ യുവാവ് വാളകത്ത് മേക്കടമ്പ് ഭാഗത്താണ് കുടുംബസമേതം ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത്. എറണാകുളത്തെ കലൂരിൽനിന്ന് അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി വൈക്കത്തെ ഒരുഹോട്ടലിൽ വെച്ചാണ് പീഡിപ്പിച്ചത്. പിറ്റേന്ന് മേക്കടമ്പിലുള്ള വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം സിനിമാഉപകരണങ്ങൾ തട്ടിക്കൊണ്ടുപോകുകയും കുടുംബാംഗങ്ങളെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. സിനിമാമേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളാണ് അക്രമത്തിലേക്ക് നയിച്ചത്. സംഘത്തിൽപ്പെട്ട രണ്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു.
അന്വേഷണസംഘത്തിൽ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർ എം.കെ. സജീവ്, എസ്.ഐമാരായ കെ.കെ. രാജേഷ്, പീറ്റർ പോൾ, രാകേഷ്, എ.എസ്.ഐമാരായ പി.എസ്. ജോണി, പി.സി. ജയകുമാർ, സീനിയർ സി.പി.ഒ ബിബിൽ മോഹൻ എന്നിവർ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.