ആലങ്ങാട്: കളമശേരി നിയമസഭാ മണ്ഡലത്തിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനുമായി 134.07 കോടി രൂപയുടെ ജൽജീവൻ മിഷൻ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി മന്ത്രി പി.രാജീവ്.

കടുങ്ങല്ലൂർ പഞ്ചായത്തിൽ 72.48 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതിയായത്. 9200 കുടുംബങ്ങൾക്ക് ഗാർഹിക കണക്ഷൻ നൽകും. മുപ്പത്തടം ജലശുദ്ധീകരണ ശാലയിലേക്കുള്ള പമ്പിംഗ് സംവിധാനം മാറ്റി സ്ഥാപിക്കുക, ഉളിയന്നൂർ - കുഞ്ഞുണ്ണിക്കര പൈപ്പ് ലൈൻ സ്ഥാപിക്കുക തുടങ്ങിയ പ്രവൃത്തികളാണ് കടുങ്ങല്ലൂരിൽ പൂർത്തിയാക്കുക.

61.59 കോടി രൂപയുടെ പദ്ധതിക്കാണ് ആലങ്ങാട് പഞ്ചായത്തിൽ ഭരണാനുമതി നൽകിയത്. 4000 ഗാർഹിക കണക്ഷനുകൾ നൽകും. മുപ്പത്തടം - മാഞ്ഞാലി പമ്പിംഗ്, മുപ്പത്തടം - ആലങ്ങാട് പമ്പിംഗ്, മുപ്പത്തടം - കടുങ്ങല്ലൂർ പമ്പിംഗ്, മുപ്പത്തടം -യു.സി കോളേജ് പമ്പിംഗ് സംവിധാനങ്ങൾ മാറ്റി സ്ഥാപിക്കൽ എന്നീ പ്രവൃത്തികൾ ആലങ്ങാട് പഞ്ചായത്തിൽ പൂർത്തിയാക്കും. മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിൽ നിർണ്ണായക ചുവടുവെയ്പാണ് ജല ജീവൻ മിഷൻ പദ്ധതിയെന്ന് പി.രാജീവ് പറഞ്ഞു.