പെരുമ്പാവൂർ: ഇരുപത്തിയൊന്ന് വർഷമായി പൂട്ടികിടക്കുന്ന ട്രാവൻകൂർ റയോൺസ് കമ്പനി കോമ്പൗണ്ടിൽ രണ്ട് പതിറ്റാണ്ടുകൾക്കുശേഷം വാഹനങ്ങളുടെ ഇരമ്പലും ആളനക്കവും. റയോൺസിന്റെ മതിൽകെട്ടുകൾ നിശബ്ദതയെ ഭേദിച്ചപ്പോൾ നാട്ടകാർക്ക് അത് കൗതുകമായി
റയോൺസിന്റെ പ്രധാന കവാടം മുതൽ മക്കാക്കടവ് വരെയുള്ള രണ്ടു കിലോമീറ്ററോളം വരുന്ന റോഡിന് സമാന്തരമായി കമ്പനിക്കുള്ളിലുള്ള പഴയ റോഡാണ് കഴിഞ്ഞ ദിവസം പൊക്ലെയ്ൻ യന്ത്രങ്ങൾ ഉപയോഗിച്ച് പുനഃസ്ഥാപിച്ചത്. പണ്ട് ട്രാക്ടറുകൾ സഞ്ചരിച്ചിരുന്നതാണ് കമ്പനിക്കുള്ളിലെ പഴയ റോഡ‌്. സൗത്ത് വല്ലം പെരിയാർ തീരത്തെ കമ്പനി കോമ്പൗണ്ടിലെ കെ.എസ്.ഇ.ബി.സബ് സ്റ്റേഷനിൽ നിന്നും റയോൺപുരം ഭാഗത്തെ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി കേബിളുകൾ സ്ഥാപിക്കാനാണ് റോഡ് പുനഃസ്ഥാപിച്ചത്. കമ്പനിക്കുള്ളിലെ കാടുകളും പുല്ലുകളും മാലിന്യങ്ങളും നീക്കം ചെയ്തത് പരിസരവാസികൾക്ക് ഏറെ ആശ്വാസമായി. കമ്പനിക്ക് വൈദ്യുതി നൽകിയിരുന്ന 66 കെ.വി.ടവർ ലൈൻ വഴി നഗരത്തിൽ വൈദ്യുതി എത്തിക്കുകയാണ് ലക്ഷ്യമെന്ന് കെ.എസ്.ഇ.ബി. പെരുമ്പാവൂർ സബ് ഡിവിഷൻ അസി. എൻജിനിയർ അറിയിച്ചു. സൗത്ത് വല്ലം മേഖലയിൽ അപകടാവസ്ഥയിലുള്ള എല്ലാ കേബിൾ ലൈനുകളും റോഡുകൾക്ക് തകർച്ച വരാത്തവിധം മണ്ണിനിടയിലൂടെ കടത്തിവിടുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനിക്കുള്ളിലെ പുനഃസ്ഥാപിച്ച റോഡ് വഴിയാണ് നിലവിൽ കേബിളുകൾ വലിച്ചിരിക്കുന്നത്. പുതിയ കാന നിർമ്മിച്ച് കേബിളുകൾ സ്ഥാപിക്കാനാണ് തീരുമാനം.