1

കുമ്പളങ്ങി: ചീനവല അടക്കമുള്ള സുന്ദരമായ കുമ്പളങ്ങി കാഴ്ചകളുടെ കൂട്ടത്തിൽ ബോട്ടിംഗും ചേർന്നു. നഗരത്തിരക്കിൽ നിന്ന് മാറി പശ്ചിമ കൊച്ചിയുടെ ഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി കുമ്പളങ്ങിയിലേക്ക് മടിക്കാതെ പോരാം.

സഞ്ചാരികൾക്ക് കണ്ടൽ കാടുകളും മനോഹരമായ സൂര്യാസ്തമനവും ബോട്ടിംഗും ആസ്വദിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്‌. കുമ്പളങ്ങി പഞ്ചായത്തിൽ കായലിനോട് ചേർന്ന് കല്ലഞ്ചേരി ചാലിൽ മൂന്ന് പെഡൽ ബോട്ടുകളാണ് ഇതിനായി സജ്ജമാക്കിയത്. രണ്ടു പേർക്ക് സഞ്ചരിക്കാവുന്നതും നാലു പേർക്ക് സഞ്ചരിക്കാവുന്നതുമായ ബോട്ടുകളാണ് ഉപയോഗിക്കുന്നത്. സ്വകാര്യ വ്യക്തികൾക്കായിരിക്കും പരിപാലന ചുമതല. രാവിലെ 11 മുതൽ വൈകിട്ട് ആറു വരെ ബോട്ടിംഗ് നടത്താം. ഒരു മണിക്കൂർ സമയത്തേക്ക് ഒരാൾക്ക് 50 രൂപ വീതം നൽകണം. ബോട്ടിംഗിന് പുറമെ ചൂണ്ടയിടാനും സൗകര്യമുണ്ടാകും. നാല്പത് ഏക്കറോളം വിസ്താരമുള്ള ചാലിന്റെ സമീപത്തെ സ്വാഭാവിക കണ്ടൽ മരങ്ങൾ കാണാൻ വിനോദയാത്രികർക്ക് സാധിക്കും.

കല്ലഞ്ചേരി ചാലിനോട് അനുബന്ധിച്ചുള്ള പ്രദേശത്ത് ടൂറിസം വികസനം നടപ്പാക്കാനാണ് പഞ്ചായത്ത് തീരുമാനം. അടുത്ത ഘട്ടത്തിൽ ചാലിനു ചുറ്റും മനോഹരമാക്കി പൂന്തോട്ടം ഉൾപ്പെടെ നിർമ്മിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുംവിധം കല്ലഞ്ചേരി പ്രദേശത്തെ മാറ്റുക എന്നതാണ് ലക്ഷ്യം. പഞ്ചായത്തിലെ വിഭവങ്ങളെ പൊതുജന പങ്കാളിത്തത്തോടെ വികസിപ്പിക്കുന്നതിലൂടെ പ്രദേശവാസികൾക്കും വരുമാന സാധ്യത തെളിയും. കുമ്പളങ്ങിയുടെ ഗ്രാമീണ ഭംഗിയിലേക്ക് വിദേശ വിനോദസഞ്ചാരിളെ കൂടുതൽ ആകർഷിക്കുന്നതിനും അന്താരാഷ്ട്ര ശ്രദ്ധ നേടിയെടുക്കുന്നതിനും ടൂറിസം വകുപ്പുമായി സഹകരിച്ചു കൂടുതൽ പദ്ധതികൾ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്‌ ഭരണ സമിതി.