മൂവാറ്റുപുഴ: കോടികൾ മുടക്കി നവീകരിച്ച പായിപ്ര സ്കൂൾപടി- കല്ല് പാലം- ത്രിവേണി റോഡ് തകർച്ചയുടെ വക്കിൽ. അമിതഭാരം കയറ്റിയ ടോറസുകൾ അടക്കമുള്ള വാഹനങ്ങൾ നിരന്തരം സഞ്ചിക്കുന്നതാണ് റോഡിന് ഭീഷണിയായിരിക്കുന്നത്.
കാലങ്ങളോളം തകർന്നുകിടന്ന് കാൽ നടയാത്രപോലും ദുഃസഹമായ റോഡ് നാട്ടുകാരുടെ തുടർ സമരങ്ങൾക്കൊടുവിൽ നാലുവർഷം മുമ്പാണ് നവീകരിച്ചത്. നിരവധി പാറമടകളും ക്രഷറുകളും സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന റോഡിലൂടെ അമിതഭാരം കയറ്റിയ വാഹനങ്ങൾ ഓടിക്കരുതെന്ന് നവീകരണ വേളയിൽ പറഞ്ഞിരുന്നു. ടോറസുകൾ ഉൾപ്പെടെ ഇടവേളകളില്ലാതെ ഓടിയതായിരുന്നു നേരത്തെ റോഡ് തകരാൻ കാരണമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഭാരവണ്ടികൾ നിരോധിച്ചത്. എന്നാൽ വിലക്ക് കാറ്രിൽപറത്തി അമിതഭാരം കയറ്റിയ വാഹനങ്ങൾ വീണ്ടും ഓടാൻ തുടങ്ങിയതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനു കാരണം. 18ടൺ വരെ ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകുന്നതിന് തടസമില്ലന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഇതിന്റ മൂന്നിരട്ടി ഭാരം കയറ്റിയ വാഹനങ്ങളാണ് റോഡിലൂടെ പോകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിൽ ഭാരവണ്ടികൾ കയറുന്നത് അടിയന്തരമായി തടയണമെന്നും നിയന്ത്രണം ഏർപ്പെടുത്തി ബോർഡ് സ്ഥാപിക്കാൻ അധികാരികൾ തയാറാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.