തൃപ്പൂണിത്തുറ: ജോയിന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ റേസിന്റെ ഭാഗമായി തൃപ്പൂണിത്തുറയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ നിയമലംഘനങ്ങൾ നടത്തിയവരുടെ ലൈസൻസുകൾ സസ്‌പെൻഡ് ചെയ്തു. ടാക്സ് അടയ്ക്കാത്ത വാഹനങ്ങളും പിടിച്ചെടുത്തു.
നിരവധി വാഹനയാത്രികരാണ് പരിശോധനയിൽ കുടുങ്ങിയത്. റെഡ് സിഗ്നൽ ലംഘിച്ച 10 വാഹനങ്ങൾ പിടിക്കുകയും എട്ട് ലൈസൻസുകൾ സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി. രൂപമാറ്റം വരുത്തി യാത്ര ചെയ്ത 16 മോട്ടോർസൈക്കിളുകൾ പിടികൂടി. ഫിറ്റ്നസ് ഇല്ലാതെ ഓടിച്ച 16 കോൺട്രാക്ട് കാരേജ് വാഹനങ്ങൾ പിടികൂടി കേസ് രേഖപ്പെടുത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഓപ്പറേഷൻ സുതാര്യം പദ്ധതി പ്രകാരം സൺ ഫിലിം, കൂളിംഗ് ഫിലിം ഒട്ടിച്ച് ഓടിച്ച 47 വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും കൂളിംഗ് ഫിലിം മാറ്റി പൂർവസ്ഥിതിയിൽ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ടാക്സ് അടയ്ക്കാതെ സർവീസ് നടത്തിയ 11 വാഹനങ്ങളും പിടിച്ചെടുത്തവയിൽപ്പെടുന്നു. പരിശോധന വരും ദിവസങ്ങളിൽ കർശനമാക്കുമെന്ന് ജോയിന്റ് ആർ.ടി.ഒ. ബി. ഷെഫീക്ക് അറിയിച്ചു.