ആലുവ: കേരള ക്ഷേത്ര സംരക്ഷണസമിതി 56-ാം സംസ്ഥാന സമ്മേളനം ജൂലായ് 2, 3 തീയതികളിൽ ആലുവയിൽ നടക്കുമെന്ന് സ്വാഗതസംഘം പ്രസിഡന്റ് അഡ്വ.ടി.ആർ. രാമനാഥൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമിതിയുടെ കീഴിലുള്ള 525 ക്ഷേത്ര കമ്മിറ്റികളിൽ നിന്നായി 1000 പേർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും.
രണ്ടിന് രാവിലെ കേശവസ്മൃതി ഹാളിൽ സംസ്ഥാനസമിതി യോഗം ചേരും. രാഷ്ട്രീയ സ്വയം സേവകസംഘം മുൻ അഖില ഭാരതീയ ബൗദ്ധിക്ക് ശിക്ഷൺ പ്രമുഖ് ആർ.ഹരി മാർഗനിർദേശം നൽകും. രണ്ടിന് ടൗൺ ഹാളിലാണ് (കേളപ്പജി നഗർ) പ്രതിനിധി സമ്മേളനം.
രാവിലെ 5.45ന് ഗണപതി ഹോമത്തോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് ലളിതാ സഹസ്ര നാമജപം, പഞ്ചവാദ്യം, നാമജപം, സോപാനസംഗീതം എന്നിവ നടക്കും. 10ന് സമിതി സംസ്ഥാന രക്ഷാധികാരി പി.ഇ.ബി. മേനോൻ ഭദ്രദീപം തെളിക്കും. ശിവഗിരിമഠം ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ.ടി.ആർ. രാമനാഥൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് എം. മോഹൻ ആമുഖപ്രഭാഷണവും ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും നടത്തും. സിനിമ സംവിധായകൻ രാമസിംഹൻ, കലാമണ്ഡലം ശങ്കരവാര്യർ എന്നിവരെ ആദരിക്കും
11.30ന് പ്രതിനിധി സമ്മേളനവും 1.30ന് വാർഷിക സമ്മേളനവും നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. നാരായണൻ റിപ്പോർട്ടും ട്രഷറർ വി.എസ്. രാമസ്വാമി കണക്കും അവതരിപ്പിക്കും. പ്രവർത്തകസമിതി രൂപീകരണ യോഗത്തിൽ സമിതി രക്ഷാധികാരി എൻ.എം. കദംബൻ നമ്പൂതിരിപ്പാട് വരണാധികാരിയായിരിക്കും. വൈകിട്ട് മൂന്നിന് സമാപന സമ്മേളനം സംബോധ് ഫൗണ്ടേഷൻ മുഖ്യ ആചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. അഖില കേരള തന്ത്രിസമാജം പ്രസിഡന്റ് വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരി സംസാരിക്കും.
സ്വാഗതസംഘം ജനറൽ കൺവീനർ എൻ. അനിൽകുമാർ, സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. നാരായണൻ, സോമരാജ് മാങ്ങാംപ്പിള്ളി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.