പറവൂർ: പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം ഓഫീസ് മിനിസിവിൽ സ്റ്റേഷനിലേക്ക് മാറ്റാൻ ഉത്തരവായി. മിനിസിവിൽ സ്റ്റേഷനിൽ പൊതുമരാമത്ത് വകുപ്പിനായി അനുവദിച്ച കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നാഷണൽ ഹൈവേ ഉപവിഭാഗം ഓഫീസ് നിറുത്തുന്നതോടെയാണ് ഇവിടേക്ക് നിരത്ത് വിഭാഗം ഓഫീസ് മാറ്റുക.

എൻ.എച്ച. ഓഫീസിലെ ജീവനക്കാരെ മാറ്റി നിയമിച്ചു കഴിയുമ്പോൾ നിരത്ത് വിഭാഗം ഓഫീസും സെക്ഷൻ ഓഫീസും മിനിസിവിൽ സ്റ്റേഷനിലേക്ക് മാറ്റാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഉത്തരവ് ഇറക്കിയതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.

നാഷണൽ ഹൈവേ ഓഫീസിലെ എല്ലാവരെയും മാറ്റി നിയമിച്ചിട്ടുണ്ട്. കുറച്ച് വർഷങ്ങളായി പറവൂർ റസ്റ്റ് ഹൗസിലെ ഓഫീസ് മുറികളിലാണ് നിരത്ത് വിഭാഗം ഓഫീസ് പ്രവർത്തിച്ചിരുന്നത്.

ഇത് മിനിസിവിൽ സ്റ്റേഷനിലേക്ക് മാറ്റാൻ ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകി. ആവശ്യമായ നടപടികൾ പൊതുമരാമത്ത് മന്ത്രി ചീഫ് എൻജിനിയർക്ക് നിർദേശം നൽകി. തുടർന്നാണ് ഉത്തരവ് ഇറങ്ങിയത്.

നാഷണൽ ഹൈവേയുടെ ഭൂരിഭാഗം റോഡുകളും നാഷണൽ ഹൈവേ അതോറിട്ടിക്ക് കൈമാറിയത് കൊണ്ടാണ് നാഷണൽ ഹൈവേ ഓഫീസ് നിറുത്തുന്നത്. ഓഫീസ് മാറ്റിയ ശേഷം പറവൂർ വിശ്രമ കേന്ദ്രത്തിലെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ച് ഓഡിറ്റോറിയം നിർമ്മിക്കും. കൂടാതെ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സുകളും വിഭാവനം ചെയ്തിട്ടുണ്ട്. അടുത്ത വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ തുക വകയിരുത്തുമെന്ന് വി.ഡി. സതീശൻ അറിയിച്ചു.