തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിൽ ജീവനക്കാരുടെ പ്രതിഷേധം. ഇരുമ്പനം ശ്മശാനത്തിന് സമീപത്തെ അങ്കണവാടി കെട്ടിടത്തിന്റെ ഇലക്ട്രിക് എസ്റ്റിമേറ്റ് കൊടുക്കാൻ വൈകി എന്ന കാരണത്താൽ അഞ്ചാം വാർഡ് അംഗം കെ.ടി. അഖിൽ ദാസ് മുനിസിപ്പൽ സിവിൽ ഓവർസിയർ കെ.ആർ. നെൽസനോട് സഭ്യമല്ലാത്ത ഭാഷയിൽ കയർത്തു സംസാരിച്ചു എന്നു പരാതിയെ തുടർന്നാണ് ജീവനക്കാർ പ്രതിഷേധിച്ചത്. നഗരസഭയിലെ മുഴുവൻ ജീവനക്കാരും മുനിസിപ്പൽ ഓഫീസിന്റെ ഇടനാഴിയിൽ നിരന്നുനിന്ന് പ്രതിഷേധിക്കുകയായിരുന്നു. നഗരസഭയിലെ ഇലക്ട്രിക് എസ്റ്റിമേറ്റ് ജില്ലാ പഞ്ചായത്തിലെ ഇലക്ട്രിക് വിഭാഗമാണ് തയാറാക്കുന്നത്. ജീവനക്കാരുടെ പ്രതിഷേധം കടുത്തപ്പോൾ ചെയർപേഴ്സൺ അനുരഞ്ജന ചർച്ച നടത്തി. ചെയർപേഴ്സന്റെ സാന്നിധ്യത്തിൽ കൗൺസിലർ ഓവർസിയറോട് പരസ്യമായി മാപ്പ് പറഞ്ഞതിനെ തുടർന്ന് ജീവനക്കാർ പ്രതിഷേധം അവസാനിപ്പിച്ചു.