കൂത്താട്ടുകുളം:ആധുനിക സൗകര്യങ്ങളോടെ മികച്ച കെട്ടിടത്തിൽ ഒരുങ്ങിയ തിരുമാറാടി സ്മാർട്ട് വില്ലേജ് ഓഫീസ് ഇന്ന് നാടിന് സമർപ്പിക്കും.രാവിലെ 11ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിക്കും.

44 ലക്ഷം രൂപ മുടക്കിയാണ് വില്ലേജ് ഓഫീസിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 1265 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്തീർണം. ഭിന്നശേഷി സൗഹൃദമായ കെട്ടിടത്തിൽ വീൽചെയറുകൾ ഉപയോഗിക്കുന്നതിന് ആവശ്യമായ റാമ്പും ഒരുക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്ക് ഓഫീസിലെത്തുന്നവർക്ക് മുഷിപ്പ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മികച്ച ടെക്സ്റ്റർ വർക്കുകളും ഓഫീസിൽ സജ്ജം. തിരുമാറാടി പഞ്ചായത്ത് ഓഫീസിന് സമീപം റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലെ 21 സെന്റിലായിരുന്നു പഴയ വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഇവിടെ തന്നെ കൂടുതൽ സൗകര്യങ്ങളോടെ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമ്മാണ ചുമതല നൽകിയിരുന്നത്. 10 മാസം കൊണ്ട് നിർമാണം പൂർത്തിയായി. വില്ലേജ് ഓഫീസറുടെ മുറി, റെക്കോർഡ് റൂം, ഓഫീസ് റൂം, ഫ്രണ്ട് ഓഫീസ് കം വെയ്റ്റിംഗ് റൂം, ജീവനക്കാർക്ക് വേണ്ടി ക്യുബിക്കിളുകൾ, പൊതു ടോയ്‌ലറ്റ് എന്നിവയാണ് ഇവിടെ ഉള്ളത്.
ഉദ്ഘാടന ചടങ്ങിൽ തോമസ് ചാഴിക്കാടൻ എം.പി, അനൂപ് ജേക്കബ് എം.എൽ.എ, ജില്ലാ കളക്ടർ ജാഫർ മാലിക്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.