കൊച്ചി: ദേശീയ നിയമ സർവകലാശാലയായ കൊച്ചി നുവാൽസിൽ അന്താരാഷ്ട്ര അംഗീകാരമുള്ള നാല് വിദേശ പ്രൊഫസർമാരുടെ സേവനം ജൂലായ് നാലിന് ആരംഭിക്കുന്ന പുതിയ അദ്ധ്യയനവർഷത്തിൽ ലഭ്യമാകും.

അമേരിക്കയിലെ മിയാമി ഡേഡ് കോളേജിലെ പ്രൊഫ.ഡോ. ഡൈനിഷ്യ ക്യൂവാസ് ജൂലായ് 22ന് എത്തും. മിയാമി സെന്റ് തോമസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും അൽബേനിയയിലെ മുൻ കാബിനറ്റ് മന്ത്രിയുമായ പ്രൊഫ.ഡോ. റോസാ പാറ്റി, മുസോറി വെസ്റ്റേൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.ഡോ. ഡേവിഡ് തോഷാസ്, ബ്രിട്ടനിലെ അബർദീൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.ഡോ. സിറയ് യഹ്ദീഗൊ എന്നിവരാണ് സെപ്തംബർ-ഫെബ്രുവരി കാലയളവിൽ നുവാൽസിൽ ഉണ്ടാവുക.

മൂന്നാഴ്ച കാലയളവുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ്, ചർച്ച സമ്മേളനങ്ങൾ, നൈപുണ്യവികസന പരിപാടികൾ, പ്രത്യേക പ്രഭാഷണങ്ങൾ എന്നിവയാണ് നുവാൽസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരിക്കുന്നത്. സീനിയർ അഡ്വക്കേറ്റ് എം.കെ. ദാമോദരൻ സെന്റർ ഫോർ എക്‌സലൻസ്ന്റെ ആഭിമുഖ്യത്തിൽ അഭിഭാഷകർ, ഭരണരംഗത്ത് നിയമം കൈകാര്യം ചെയ്യുന്നവർ, നിയമ സഹായ മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്കായി വാരാന്ത്യ പരിശീലന പരിപാടികൾ ചർച്ചാസമ്മേളനങ്ങൾ തുടങ്ങിയവയും ഉണ്ടായിരിക്കും.