കൊച്ചി: കേരള ലളിതകലാ അക്കാഡമി ജപ്പാൻ ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന തൊഹോകു ജാപ്പനീസ് ഫോട്ടോഗ്രഫി പ്രദർശനം രണ്ടുമുതൽ 16 വരെ എറണാകുളം ഡർബാർഹാൾ ആർട്ട് ഗാലറിയിൽ നടക്കും. ഇന്ത്യയും ജപ്പാൻ ഫൗണ്ടേഷനുമായുള്ള ബന്ധത്തിന്റെ 70-ാം വർഷത്തെ ആഘോഷങ്ങളുടെ ഭാഗംകൂടിയാണ് പ്രദർശനം. നാളെ വൈകിട്ട് ആറിന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനാകും. മേയർ എം. അനിൽകുമാർ മുഖ്യതിഥിയാകും. സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തും. ചെന്നൈയിലെ ജപ്പാൻ കോൺസുലേറ്റ് ജനറൽ ഡെപ്യൂട്ടി കോൺസുൽ ജനറൽ കെഞ്ചി മിയാത്ത സംസാരിക്കും. 15,16 തീയതികളിൽ വൈകിട്ട് അഞ്ചിന് ചലച്ചിത്രകാരൻ ആർ.വി. രമണിയുടെ 'മൈ കാമറ ആൻഡ് സുനാമി" ചലച്ചിത്രം പ്രദർശിപ്പിക്കും.
16ന് ദി ഏജ് ഒഫ് ദി ഫോട്ടോഗ്രഫ്-2022 എന്ന വിഷയത്തിൽ സിമ്പോസിയം ബി.ടി.എച്ച് ഹാളിൽ നടക്കും. വാർത്താസമ്മേളനത്തിൽ ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ എന്നിവർ പങ്കെടുത്തു.