1

 അപകടത്തിൽപ്പെട്ടവർ ഒരുദിവസം മുഴുവൻ കടലിൽ

ഫോർട്ടുകൊച്ചി: കൊച്ചിക്ക് പടിഞ്ഞാറ് കടലിൽ 44 നോട്ടിക്കൽ മൈൽ അകലെ വള്ളംമറിഞ്ഞ് കാണാതായ മത്സ്യബന്ധന തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു. ബേപ്പൂർ ചാലിയം ഹുസൈന്റെ മകൻ കൂഞ്ഞാപ്പുവിനെയാണ് (23) കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടം. രക്ഷപ്പെടുത്തിയ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അപകടത്തിൽപ്പെട്ടവർ മറിഞ്ഞവള്ളത്തിൽ ഒരുദിവസം മുഴുവൻ തൂങ്ങിക്കിടന്നിരുന്നു. ഇതിനിടെയാണ് കുഞ്ഞാപ്പു തെറിച്ച് കടലിൽ വീണത്. കണ്ട്‌ലയ്ക്ക് പോകുകയായിരുന്ന ചരക്കുകപ്പൽ എം.വി.അലൈൻസാണ് വള്ളത്തിൽ കുടങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി കോസ്‌റ്റ് ഗാർഡിന്റെ ആര്യൻ പട്രോളിംഗ് കപ്പലിന് കൈമാറിയത്.

ബേപ്പൂർ ചാലിയം പുത്തൻപുരയ്ക്കൽ വീട്ടിൽ ഷെമി (37), ആനപ്പുറം മുഹമ്മദിന്റെ മകൻ ഷിഹാബ് (38), കൊൽക്കത്ത സ്വദേശികളായ പ്രണവദാസ് (42), അബ്ദുൾസലാം മൊഹൂദീൻ (55), ഗുരു വെട്ടോഡിക (36) എന്നിവരെയാണ് രക്ഷപ്പെടുത്തി ഹെലികോപ്‌ടറിൽ നെടുമ്പാശേരിയിൽ എത്തിച്ചശേഷം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോസ്റ്റൽ എസ്.ഐ. കെ.സി.ഷാജിയുടെ നേതൃത്വത്തിലാണ് തുടർനടപടികൾ.