തൃക്കാക്കര: അപകടകരമായ രീതിയിൽ വാഹനമോടിച്ചയാളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ജൂലൈ ഒന്നു മുതൽ മൂന്നു മാസത്തേക്ക് താത്ക്കാലികമായി റദ്ദാക്കി. ആലുവ സ്വദേശിയായ സി.കെ രാജന്റെ ലൈസൻസ് ആണ് ആർ.ടി.ഒ ബിജോയ് പീറ്ററുടെ നിർദ്ദേശത്തെ തുടർന്ന് റദ്ദാക്കിയത്.

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ആലുവ പുളിഞ്ചോട് മെട്രോ സ്റ്റേഷനു സമീപം തെറ്റായ ദിശയിൽ കാറോടിച്ചുവന്ന രാജനെ വാഹന പരിശോധനക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി ശരിയായ ദിശയിലേക്ക് മാറാൻ നിർദേശിച്ചിരുന്നു. എന്നാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കടന്നു പോയെന്നു കരുതി രാജൻ വീണ്ടും തെറ്റായ ദിശയിൽ വാഹനമോടിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദ് ചെയ്തത്.