photo

വൈപ്പിൻ : നായരമ്പലം പഞ്ചായത്തിലെ വെളിയത്താംപറമ്പ് തീരത്ത് കടൽക്ഷോഭം. എല്ലാവർഷവും ഈ കാലവർഷക്കാലത്ത് കടൽക്ഷോഭം പതിവായിരിക്കുകയാണ്. ഇത് തീരദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. വെളിയത്താംപറമ്പ് പള്ളിക്ക് വടക്കുഭാഗത്താണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ കടൽക്ഷോഭം ആരംഭിച്ചത്. ഇവിടെ സ്ഥാപിച്ചിരുന്ന മണൽവാടയും ജിയോ ബാഗുകളും ഒഴുകിപ്പോയി. കഴിഞ്ഞവർഷമാണ് ഇവ സ്ഥാപിച്ചത്. പിന്നീട് അത് ബലപ്പെടുത്തുകയും ചെയ്തത്. ഈ ഭാഗത്ത് കടൽഭിത്തിയില്ല.

സമീപത്തെ എൽ.പി സ്‌കൂളിലേക്കും ഷൺമുഖവിലാസം ക്ഷേത്രത്തിലേക്കും വെള്ളം കയറുകയാണ്. പള്ളിക്കടവ് ബീച്ചും തകർന്നിട്ടുണ്ട്. വെള്ളവും മണലും അടിച്ചുകയറുകയാണ്. ഇതോടെ റോഡ് സഞ്ചാരയോഗ്യമല്ലാതായി. രാത്രിയിൽ കടൽക്ഷോഭം വർദ്ധിക്കാൻ ഇടയുണ്ട്. കളക്ടർ ഉൾപ്പെടെയുള്ള അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അംഗം സി. സി. സിജി പറഞ്ഞു. പുലിമുട്ടും കടൽഭിത്തിയും ഉണ്ടായാൽ മാത്രമേ ഈ പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കൂവെന്ന് അവർ പറഞ്ഞു.