പറവൂർ: സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ റോഡിൽ അനധികൃതമായ വാഹന പാർക്കിംഗ് മൂലം ഗതാഗത തടസമുണ്ടാകുന്നു. പൊതുമരാമത്ത് വകുപ്പിന്റെ മിൽസ് റോഡിലാണ് കാറുകളും ഇരുചക്രവാഹനങ്ങളും അടക്കം പാർക്ക് ചെയ്ത് കാൽനടയാത്ര പോലും പ്രയാസമാക്കിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ റോഡിന് ഇരുവശവും നിരയായി പാർക്ക് ചെയ്യുകയാണ്.
കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ബുദ്ധിമുട്ടിയാണ് റോഡിലൂടെ കടന്നു പോകുന്നത്. വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളുമാണ് റോഡ് കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. പൊലീസിന്റെ മുന്നറിയിപ്പ് ബോർഡ് വകവയ്ക്കാതെയാണ് പാർക്കിംഗ്. നേരത്തെ ഇത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ചങ്ങലകൊണ്ട് ബന്ധിച്ച് ഉടമകളിൽ നിന്ന് പൊലീസ് പിഴ ഈടാക്കിയിരുന്നു. സമീപത്തെ വ്യാപാരികളും റസിഡൻസ് അസോസിയേഷനും പരാതി ഉന്നയിച്ചിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.