കോലഞ്ചേരി: ടൗണിൽ ദേശീയ പാത കുറുകെ കടക്കാൻ യാത്രക്കാരെ സഹായിച്ചിരുന്ന സീബ്ര ലൈനുകൾ അപ്രത്യക്ഷമായി. ഇതോടെ റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെടുകയാണ് യാത്രക്കാർ.

തിരക്കേറിയ ഹയർ സെക്കൻഡറി സ്‌കൂൾ ജംഗ്ഷൻ, സെന്റ് പീ​റ്റേഴ്‌സ് കോളേജിനു മുൻവശം, മെഡിക്കൽ കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സീബ്ര ലൈനുകൾ ഉണ്ടായിരുന്നത്. പ്രൈവ​റ്റ് ബസ് സ്​റ്റാൻഡിൽ നിന്നും വരുന്ന യാത്രക്കാരും സെന്റ് പീ​റ്റേഴ്‌സ് കോളേജിനു മുന്നിൽ നിന്ന് കെ.എസ്.ഇ.ബി ഓഫീസിലേയ്ക്ക് പോകേണ്ടവരും മൂവാ​റ്റുപുഴ ഭാഗത്തു നിന്നുമെത്തി മെഡിക്കൽ കോളേജിലേയ്ക്ക് പോകേണ്ടവരും ഈ മൂന്ന് സീബ്ര ലൈനുകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.

സീബ്രവരകൾ മാഞ്ഞതോടെ റോഡു മുറിച്ചു കടക്കുന്നവരോട് കരുണ പോലും കാണിക്കാതെയാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. അതിനിടയിൽ തിടുക്കപ്പെട്ട് റോഡിനപ്പുറം കടക്കുന്നതിനാണ് യാത്രക്കാരുടെ ശ്രമം. പലപ്പോഴും തല നാരിഴയ്ക്കാണ് അപകടങ്ങളിൽ നിന്നും രക്ഷപ്പെടുന്നത്.

ആറ് വർഷം മുമ്പാണ് ഇവിടെ റോഡിൽ സീബ്ര ലൈനുകൾ ഇട്ടിരുന്നത്. സീബ്ര ലൈൻ മുറിച്ചു കടക്കാൻ ശ്രമിക്കുന്ന കാൽനട യാത്രികനെ വാഹനം നിർത്തി കടന്നുപോകാൻ അനുവദിക്കണമെന്നാണ് നിയമം. ഇത് ലംഘിക്കുന്നത് ട്രാഫിക്ക് നിയമങ്ങളനുസരിച്ച് 500 രൂപ വരെ പിഴ ഈടാക്കാവുന്ന കു​റ്റമാണ്. എന്നാൽ കാൽനടയാത്രക്കാരെ പരിഗണിക്കാൻ വാഹനയാത്രികരും അധികൃതരും തയാറാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.