കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്രതിസന്ധിക്ക് താത്‌കാലിക പരിഹാരം. പുതിയ പ്ലാന്റ് പ്രവർത്തനമാരംഭിക്കും വരെ ബദൽ സംവിധാനമൊരുക്കാൻ ഇന്നലെ നടന്ന പ്രത്യേക കൗൺസിലിൽ തീരുമാനമായി.
നിലവിലെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെയും ആർ.ഡി.എഫ് ഷെഡിന്റെയും മേൽക്കൂരയുടെ പല ഭാഗവും തുറന്നുകിടക്കുകയാണ്. ജൈവ സംസ്‌കരണ പ്ലാന്റിന്റെ അറ്റകുറ്റപ്പണിയും പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ 2017 ൽ പണികഴിപ്പിച്ച ആർ.ഡി. എഫ് ഷെഡ് അറ്റകുറ്റപ്പണി നടത്തി അതിൽ പ്ലാന്റ് പ്രവർത്തിപ്പിക്കാനാണ് നീക്കം. ഇതിനും മാലിന്യത്തിൽ നിന്ന് ഊറിവരുന്ന ജലം സംസ്‌കരിക്കുന്നതിനുള്ള ലീച്ചറ്റ് പ്‌ളാന്റിന്റെെ നിർമ്മാണത്തിനുമായി 79.28 ലക്ഷം രൂപയുടെ പദ്ധതിക്ക് കൗൺസിൽ യോഗം അംഗീകാരം നൽകി.
ജില്ലയിലെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ ജൈവമാലിന്യം ബ്രഹ്മപുരം പ്ലാന്റിൽ സംസ്‌കരിക്കുന്നുണ്ട്. ആർ.ഡി.എഫ് ഷെഡിലേക്കുള്ള റോഡ് ശോചനീയാവസ്ഥയിലാണ്. റോഡ് നിർമ്മാണത്തിനായി 37.95 ലക്ഷം രൂപയുടെ അജണ്ടയ്ക്കും കൗൺസിൽ അംഗീകാരം നൽകി. കരിങ്കൽ പാളികൾ ഉപയോഗിച്ച് 40 ഇഞ്ച് ഉയരത്തിലെ റോഡ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. റോഡ് നിർമ്മിക്കാൻ കളക്ടർ നേരത്തെ അനുമതി നൽകിയിരുന്നു.