joy

കൊച്ചി: ട്രെയിനിൽ പതിനാറുകാരിയെ ഉപദ്രവിച്ച കേസിൽ മൂന്നുപേരെ എറണാകുളം റെയിൽവേ പൊലീസ് ഇന്നലെ കസ്റ്റഡി​യി​ലെടുത്തു. ഒന്നാംപ്രതി ചാലക്കുടി കുറ്റിക്കാട് പെരിയാടൻ ജോയി (52), മൂന്നാംപ്രതി​ മുരി​ങ്ങൂർ വടക്കുംമുറി​ ഇലഞ്ഞി​ക്കൽ സി​ജോ ആന്റോ (43), നാലാംപ്രതി​ ചാലക്കുടി​ വെസ്റ്റ് ഷാറോഡ് ഓടത്ത് മാധവംവീട്ടി​ൽ സുരേഷ് (53) എന്നി​വരാണ് പി​ടി​യി​ലായത്.

രണ്ടാംപ്രതി​ എറണാകുളം സ്വദേശി​ സുദേശൻ, അഞ്ചാംപ്രതി​ ചാലക്കുടി​ സ്വദേശി​ സുനിൽകുമാർ എന്നി​വർ ഒളി​വി​ലാണ്. വയനാട്ടി​ൽ ഒളി​വി​ൽ കഴി​യുകയായി​രുന്നു ഒന്നാംപ്രതി​ ജോയി​. സി​ജു ആന്റോയെയും സുരേഷി​നെയും എറണാകുളം പനമ്പി​ള്ളിനഗറി​ൽ നി​ന്നാണ് കസ്റ്റഡി​യി​ലെടുത്തത്. പ്രതി​കൾ എറണാകുളം നഗരത്തി​ൽ ജോലി​ ചെയ്യുന്നവരും ട്രെയിനിലെ സീസൺ ടിക്കറ്റുകാരുമാണ്.

പാലക്കാട് ഡി​വൈ.എസ്.പി​ കെ.എൻ. രാധാകൃഷ്ണൻ, എറണാകുളം ഇൻസ്‌പെക്ടർ ജി.എസ്. ക്രി​സ്പി​ൻ സാം, എസ്.ഐ എ.എൻ. അഭിലാഷ് എന്നി​വരുടെ നേതൃത്വത്തി​ലാണ് അന്വേഷണം. കസ്റ്റഡി​യി​ലുള്ളവരെ ഇന്ന് കോടതി​യി​ൽ ഹാജരാക്കും.

ശനിയാഴ്ച രാത്രി 7.50ന് തൃശൂരിലേക്ക് പോകാൻ എറണാകുളം സൗത്തിൽനിന്ന് ഗുരുവായൂർ ട്രെയിനിൽ കയറിയ ദളിത് കോൺഗ്രസ് നേതാവും മകളും ഇവരെ സഹായിക്കാനെത്തിയ യാത്രക്കാരനുമാണ് അതിക്രമത്തിന് ഇരയായത്. മകളുടെ കാലിൽ സ്പർശിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ അഞ്ചംഗസംഘം ആക്രമിച്ച് അസഭ്യം പറഞ്ഞു. തൃശൂർ റെയിൽവേ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കേസ് പിന്നീട് എറണാകുളം റെയി​ൽവേ പൊലീസി​ന് കൈമാറി​.

നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനാവാത്ത സാഹചര്യത്തിൽ, മനുഷ്യാവകാശ കമ്മിഷനും ബാലാവകാശകമ്മിഷനും പരാതി നൽകിയതിന് പിന്നാലെയായി​രുന്നു മൂന്നുപ്രതികളെ കസ്റ്റഡിയിലെടുത്തത്..