
കൊച്ചി: പോളണ്ടിൽ നിന്ന് കൊറിയറിൽ അതിമാരക രാസലഹരിയായ എൽ.എസ്.ഡി സ്റ്റാമ്പ് എത്തിച്ചയാൾ എക്‌സൈസിന്റെ പിടിയിൽ. തലശേരി മണ്ണയാടിൽ കാവ്യാസ് വീട്ടിൽ വികാസ് സത്യശീലനെയാണ് (35) എറണാകുളം സിറ്റി എക്‌സൈസ് റേഞ്ച് അറസ്റ്റ് ചെയ്തത്.
ഉപഭോക്താക്കൾക്കിടയിൽ 'വ്യാസ് ഭായ്" എന്നറിയപ്പെടുന്ന ഇയാൾ വൻതോതിൽ മയക്ക് മരുന്ന് വില്പന നടത്തിവരികയായിരുന്നു. ഗോവ, ബംഗളൂരു എന്നിവിടങ്ങളിലെ ഡി.ജെ പാർട്ടികളിൽ പങ്കെടുക്കുന്ന ഐ.ടി വിദഗ്ദ്ധരാണ് പ്രധാന ഉപഭോക്താക്കൾ.
പത്തുലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. എറണാകുളം കസ്റ്റംസ് പോസ്റ്റൽ അപ്രയ്‌സിംഗ് ഓഫീസിൽ വന്ന പാഴ്‌സൽ പരിശോധിച്ച കസ്റ്റംസാണ് എക്‌സൈസിനെ വിവരമറിയിച്ചത്.
ഗോൾഡൻ ഡ്രാഗൺ വിഭാഗത്തിൽപ്പെടുന്ന അതിമാരകമായ 200 എൽ.എസ്.ഡി സ്റ്റാമ്പുകൾ സിറ്റി റേഞ്ച് എക്‌സൈസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പി.വി. ഏലിയാസിന്റെ നിർദ്ദേശത്തെ തുടർന്ന് അസി.കമ്മിഷണർ ബി. ടെനിമോന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ടീം കണ്ണൂരിലെത്തി ഇയാളുടെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്‌തത്. വീട്ടൽനിന്ന് 6 ഗ്രാം എം.ഡി.എം.എ., 260 മില്ലി ഹെറോയിൻ, 20 ഗ്രാം ഹാഷിഷ്, 36 മില്ലിഗ്രാം എൽ.എസ്.ഡി., 105 ഗ്രാം കഞ്ചാവ് എന്നിവയും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.