federal

കൊച്ചി: നാണയപ്പെരുപ്പ കുതിപ്പിന്റെ കെണിയിൽ നിന്ന് പുറത്തുകടക്കാൻ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന് പിന്നാലെ ബ്രിട്ടീഷ് കേന്ദ്രബാങ്കായ ബാങ്ക് ഒഫ് ഇംഗ്ളണ്ടും പലിശനിരക്ക് കൂട്ടി. കാൽ ശതമാനം വർദ്ധനയോടെ 1.25 ശതമാനമാണ് പുതിയനിരക്ക്.

2009ന് ശേഷമുള്ള ഏറ്റവും ഉയർന്ന പലിശയാണിത്. മേയിലും അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനം ഉയർത്തിയിരുന്നു. ബ്രിട്ടന്റെ നാണയപ്പെരുപ്പം മേയിൽ 40 വർഷത്തെ ഉയരമായ 9 ശതമാനത്തിലെത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിന് ശേഷം ഇത് അഞ്ചാംതവണയാണ് ബാങ്ക് ഒഫ് ഇംഗ്ളണ്ട് പലിശനിരക്കുയർത്തുന്നത്. അമേരിക്കയുടെ ഫെഡറൽ റിസർവിനൊപ്പം തന്നെ ആഗോളതലത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് ബാങ്ക് ഒഫ് ഇംഗ്ളണ്ടിന്റെയും ധനനയം.

അമേരിക്കൻ സമ്പദ്‌വളർച്ച 2022ൽ നേരത്തേ വിലയിരുത്തിയ 2.8ൽ നിന്ന് 1.7 ശതമാനത്തിലേക്ക് താഴുമെന്ന് ഫെഡറൽ റിസർവ് വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടൻ ഈ ഏപ്രിൽ-ജൂണിൽ പ്രതീക്ഷിക്കുന്ന വളർച്ച നേരത്തേ വിലയിരുത്തിയ 0.3ൽ 0.1 ശതമാനത്തിലേക്ക് ബാങ്ക് ഒഫ് ഇംഗ്ളണ്ടും വെട്ടിക്കുറച്ചിട്ടുണ്ട്. ആഗോളതലത്തിൽ മാന്ദ്യംപടരുമെന്ന് വ്യക്തമാക്കുന്നതാണ് ഈ 'തിരുത്തലുകൾ".

അമേരിക്കൻ പലിശ

4 ശതമാനം കടക്കും

ഫെഡറൽ റിസർവ് 2023 വരെ തുടർച്ചയായി പലിശ ഉയർത്തി 4 ശതമാനമാക്കുമെന്നാണ് പൊതുവിലയിരുത്തൽ. ഫെഡിന്റെ അടിസ്ഥാനപലിശയുടെ സഞ്ചാരപഥം ഇങ്ങനെ:

 1991 : 6.90%

 1994 : 3.25%

 2000: 6.25%

 2008* : 0.15%

 2019 : 2.40%

 2020** : 0.05%

 2022 : 1.50%

(*2008-09ലെ ആഗോള മാന്ദ്യകാലം,​ **കൊവിഡ് കാലം)​

വീണു‌ടഞ്ഞ് ഓഹരി

പലിശകൂട്ടിയ അമേരിക്കൻ നടപടി നിരാശവിതച്ചോടെ ഇന്ത്യൻ ഓഹരികൾ ഇന്നലെ തകർന്നടിഞ്ഞു. സെൻസെക്‌സ് 1,​045 പോയിന്റിടിഞ്ഞ് 51,​495ലും നിഫ്‌റ്റി 331 പോയിന്റ് നഷ്‌ടത്തോടെ 15,​360ലുമാണുള്ളത്. ഡോളറിനെതിരെ റെക്കാഡ് താഴ്ചയായ 78.30 വരെ തളർന്ന രൂപ വൈകിട്ടോടെ നിലമെച്ചപ്പെടുത്തി 78.07ലെത്തി.

 സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് ഇന്നലെ കൊഴിഞ്ഞത് 5.54 ലക്ഷം കോടി രൂപ; ഈമാസം ഇതുവരെ നഷ്‌ടം 19.77 ലക്ഷം കോടി രൂപ.