
നാനാ സാഹേബ്
1824 - 1859
യഥാർത്ഥ പേര് ബാലാജി റാവു ഭട്ട്. ബ്രിട്ടീഷുകാർക്കെതിരെ 1857 ലെ സായുധ വിപ്ളവം നയിച്ചവരിൽ പ്രധാനി. മറാത്താ സാമ്രാജ്യത്തിലെ എട്ടാം പേഷ്വാ. കാൺപൂരിലെ ബ്രിട്ടീഷ് താവളം ആക്രമിച്ച് കീഴ്പ്പെടുത്തുകയും സൈനികരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുനൂറോളം പേരെ വധിക്കുകയും ചെയ്തു. ബ്രിട്ടീഷുകാർ കാൺപൂർ തിരിച്ചുപിടിച്ചതോടെ നേപ്പാളിലേക്ക് പലായനം ചെയ്ത നാനാ സാഹേബ് 1859 ൽ അവിടെ വച്ച് മരണപ്പെട്ടതായി കരുതപ്പെടുന്നു.
പേഷ്വാ ആയിരുന്ന ബാജി റാവു രണ്ടാമന്റെ കൊട്ടാരം ഉദ്യോഗസ്ഥനായിരുന്നു നാനാ സാഹേബിന്റെ പിതാവ്. മക്കളില്ലാതിരുന്ന ബാജി റാവു, സഹോദര പുത്രിയുടെ രണ്ടു മക്കളെ ദത്തെടുത്ത് അനന്തരാവകാശികളാക്കി. അവരിൽ മൂത്തയാളായ നാനാ സാഹേബിനായിരുന്നു ബാജിറാവുവിന്റെ മരണശേഷം പേഷ്വാ സ്ഥാനം. ബ്രിട്ടീഷ് ഉടമ്പടിയനുസരിച്ച് ബാജി റാവുവിന് ലഭിച്ചിരുന്ന പെൻഷൻ, അനന്തരാവകാശിയായ നാനാ സാഹേബിനു നല്കാൻ ബ്രിട്ടൻ വിസമ്മതിച്ചു. ദത്തുപുത്രനെ അംഗീകരിക്കാനാവില്ല എന്നായിരുന്നു വാദം. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരായ 1857 ലെ കലാപത്തിന്റെ മുൻനിരയിലേക്ക് നാനാ സാഹേബിനെ നയിച്ചത് ബ്രിട്ടീഷുകാരുടെ ഈ ധിക്കാരം. ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷുകാരെ തുരത്താൻ ആഹ്വാനം.
ബ്രിട്ടീഷുകാരിൽ നിന്ന് കാൺപൂർ പിടിച്ച നാനാ സാഹേബിനും പടയാളികൾക്കും അധികനാൾ പിടിച്ചുനില്ക്കാനായില്ല. നേപ്പാളിലെ നൈമിഷാരണ്യ കാടുകളിലേക്ക് ഒളിച്ചുകടന്ന അദ്ദേഹം മലേറിയ ബാധിതനായി. അവിടെ, ബ്രഹ്മചൈതന്യ മഹരാജിനെ പരിചയപ്പെട്ട നാനാ സാഹേബ് അദ്ദേഹത്തിന്റെ സംരക്ഷണയിൽ കുറച്ചു വർഷം ജീവിച്ചിരുന്നതായി ചില ചരിത്രകാരന്മാരുടെ വാദമുണ്ടെങ്കിലും തെളിവുകളില്ല.