ഇടുക്കി: കേരളാ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ സിവിൽ സർവീസ് കോച്ചിങ് സെന്റർ കട്ടപ്പന ഗവ. കോളജിൽ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഏറെ നാളത്തെ പ്രയത്‌നത്തിനൊടുവിലാണ് ഇടുക്കിയുടെ ചിരകാല അഭിലാഷമായിരുന്ന അക്കാദമിയുടെ സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്. രണ്ടു വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി കം മെയിൻ കോഴ്‌സ് സെന്ററാണ് ഇടുക്കിയിൽ ആരംഭിക്കുന്നത്. ഈ മാസം 19ന് തുടങ്ങുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദ വിദ്യാർത്ഥികൾക്കാണ് കോഴ്‌സിലേക്ക് അപേക്ഷിക്കാൻ അർഹത. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. സിവിൽ സർവീസ് പ്രിലിമിനറി കം മെയിൻ കോഴ്‌സ് അപേക്ഷകൾ ജൂൺ 15 വരെ www.ccek.org എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8281098863 എന്ന നമ്പറിൽ ബന്ധപ്പെടാം. ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിന് അക്കാദമിയിൽ നിന്നുള്ള പരിശീലനം സഹായകമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ കട്ടപ്പന ഗവ. കോളജിനെ സെന്റർ ഓഫ് എക്‌സലൻസായി മാറ്റിയെടുക്കുക എന്ന വലിയ സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതെന്നും മന്ത്രി അറിയിച്ചു.