തൊടുപുഴ: നഗരത്തിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവാകുന്നു. വൈദ്യുതി ലൈനിലേക്ക് ചുള്ളിക്കമ്പോ ഇലയോ വീണാലും ചെറിയ കാറ്റടിച്ചാലും ഉടൻ വൈദ്യതി പോകുന്ന സ്ഥിതിയാണ്. വേനൽക്കാലത്തും മഴക്കാലത്തും ഇതേ അവസ്ഥയാണ്. ഇത്തരത്തിൽ എപ്പോഴും വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഹോട്ടൽ, ബേക്കറി, റസ്റ്റോറന്റുകൾ, മെഡിക്കൽ ഷോപ്പുകൾ, കോൾഡ് സ്റ്റോറേജുകൾ, ആശുപത്രികൾ, സോമിൽ തുടങ്ങിയ വ്യാപാരമേഖലയിൽ ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വൈദ്യതി സംബന്ധമായ ഉപഭോക്താക്കളുടെ പരാതികൾ അറിയിക്കാൻ തൊടുപുഴ നഗരത്തിലും പഞ്ചായത്തുകളിലും വെവ്വേറെ ഫോൺ നമ്പറുകൾ നൽകിയിട്ടുണ്ടെങ്കിലും വിളിച്ചാൽ പോലും കിട്ടില്ലെന്ന ആക്ഷേപവും ഏറെനാളായുണ്ട്. പലപ്പോഴും ബെല്ലടിച്ചാലും ഉദ്യോഗസ്ഥർ ഫോൺ എടുക്കില്ല. മറ്റു ചിലപ്പോൾ ഈ ഫോൺ നമ്പറുകൾ പ്രവർത്തനരഹിതമായിരിക്കും. വൈദ്യതി തകരാറുകൾ പരിഹരിക്കുന്നതിന് ബന്ധം വിച്ഛേദിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ഒരു നിയന്ത്രണവുമില്ല. ഓരോ സ്ഥലത്തെയും ജോലികളെ സംബന്ധിച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഉദ്യോഗസ്ഥർക്ക് അറിയാൻ സാധിക്കും. വൈദ്യുതി മുടങ്ങുന്ന ദിവസം രാവിലെ മാത്രം പത്രങ്ങളിൽ അറിയിപ്പ് നൽകുന്നത് കൊണ്ട് കച്ചവടക്കാർക്കും വ്യാപാരികൾക്കും ഒരു പ്രയോജനവുമില്ല. മറ്റൊരു മാർഗം കണ്ടെത്താനുള്ള സാവകാശം പോലും ലഭിക്കുന്നില്ലെന്ന് ഇവർ പറയുന്നു. ചില ദിവസങ്ങളിൽ പത്രങ്ങളിൽ നൽകുന്ന അറിയിപ്പിലെ സമയത്തിന് മുമ്പും വൈദ്യുതിബന്ധം വിച്ഛേദിക്കാറുണ്ട്.