കട്ടപ്പന : അയ്യപ്പൻകോവിലിലും പരിസര പ്രദേശങ്ങളിലുമുള്ള ഏലത്തോട്ടങ്ങളിൽ അഞ്ജാത രോഗം കണ്ടെത്തിയതിനെ തുടർന്ന് പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ കൃഷിയിടങ്ങളിൽ എത്തി പഠനം നടത്തി.ബുധനാഴ്ച്ച രാവിലെ ഗവേഷണ കേന്ദ്രത്തിലെ എന്റമോളജി വിഭാഗം മേധാവി എം നഫീസയുടെ നേതൃത്വത്തിലുള്ള സംഘമാണ് അയ്യപ്പൻകോവിൽ സ്വദേശി ബാബു ചെമ്പൻകുളത്തിന്റെ രോഗബാധ കണ്ടെത്തിയ ഏലതോട്ടത്തിൽ എത്തിയത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഏലച്ചെടികളിൽ മഞ്ഞ നിറത്തിലുള്ള പാടുകൾ ഉണ്ടായി ചെടികൾ നശിക്കുന്ന രോഗം തോട്ടമുടമയുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ഇത് മറ്റിടങ്ങളിലേയ്ക്കും പകരാൻ തുടങ്ങിയതോടെയാണ് കർഷകർക്കിടയിൽ ആശങ്ക വർധിച്ചത്.എന്നാൽ വേനൽക്കാലത്ത് ചെടികളിൽ വ്യാപിക്കുന്ന കുമിൾ രോഗത്തിന്റെ ലക്ഷണങ്ങളാണ് ഇതെന്നാണ് പരിശോധന നടത്തിയ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കൂടുതൽ പഠനത്തിനായി ഗവേഷകർ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.ഈ പരിശോധനാ ഫലം വന്നെങ്കിൽ മാത്രമേ രോഗം എന്തെന്ന് സ്ഥിരീകരിക്കാൻ കഴിയൂ.ജില്ലയിൽ വിവിധ ഇടങ്ങളിലെ ഏലത്തോട്ടങ്ങളിൽ കുമിൾ രോഗ ലക്ഷണങ്ങൾ പല വിധത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇലകളിൽ ബാധിക്കുന്ന രോഗം ചരത്തിനെയും ഫലത്തെയും പ്രതികൂലമായി ബാധിക്കും.ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കൃത്യമായ പരിചരണത്തിലൂടെയും ഫലപ്രദമായ വള പ്രയോഗത്തിലൂടെയും രോഗത്തെയും ലോക വ്യാപനത്തെയും തടയാനാകുമെന്നും ഗവേഷണ സംഘം അറിയിച്ചു.