നെടുങ്കണ്ടം: അഞ്ഞൂറിൽപരം ഹൈഡ്രജൻ ബലൂൺ പറത്തി പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിലെ പ്രവേശനോത്സവം. നെടുങ്കണ്ടം എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ പി.ടി.എ പ്രസിഡന്റ് സുനിൽ പാണംപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സിജോ നടക്കൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ സജി പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ കുട്ടികൾക്ക് പ്രവേശനോത്സവ സന്ദേശം നൽകി. അക്ഷരദീപം തെളിയിച്ച് എല്ലാ കുട്ടികളും പുതിയ അദ്ധ്യയന വർഷത്തിലേക്ക് പ്രവേശിച്ചു. അറിവിന്റെ അനന്തവിഹായസ്സിലേക്ക് ഒരുമിച്ച് പറന്നുയരാം എന്ന സന്ദേശമുയർത്തിയാണ് അഞ്ഞൂറിലേറെ ഹൈഡ്രജൻ ബലൂണുകൾ അന്തരീക്ഷത്തിലേക്ക് പറത്തിവിട്ടാണ് പ്രവേശനോത്സവത്തെ വരവേറ്റത്. ശാഖാ മാനേജ്‌മെന്റ് സെക്രട്ടറി രാജീവ് തൊണ്ടിപ്പറമ്പിൽ, വൈസ് പ്രസിഡന്റ് സന്തോഷ് വയലിൽ തുടങ്ങിയവർ പങ്കെടുത്തു.