നെടുങ്കണ്ടം: ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന പൊതുവിദ്യാലമായ കല്ലാർ സ്‌കൂളിൽ പുതുതായി എത്തിയത് അഞ്ഞൂറോളം കുട്ടികൾ. 5 മുതൽ 9 വരെ ക്ലാസുകളിലേക്കാണ് കുട്ടികൾ പ്രവേശനം തേടിയെത്തിയത്. രാവിലെ സ്‌കൂൾ അങ്കണത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കല്ലാർ സ്‌കൂളിൽ പുതുതായി പ്രവേശനം നേടിയ മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന എട്ട് കുട്ടികളെ പൂച്ചെണ്ട് നൽകി ക്ലാസിലേക്ക് ആനയിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങി നൽകിയ സ്‌കൂൾ ബസിന്റെ ഫ്ളാഗ് ഒഫ് കർമ്മവും നിർവ്വഹിച്ചു. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എസ്. യശോധരൻ അദ്ധ്യക്ഷത വഹിച്ചു.