 സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന ഭൂമിയേറ്റെടുക്കാൻ കളക്ടറുടെ ഉത്തരവ്

മൂന്നാർ: മൂന്നാർ ടൗണിൽ വ്യാജപട്ടയം ചമച്ച് കൈവശം വച്ചിരുന്ന ഒന്നരയേക്കർ സർക്കാർ ഭൂമി തിരിച്ച് പിടിക്കാൻ ജില്ലാ കളക്ടർ ഷീബ ജോർജ് ഉത്തരവിട്ടു. രവീന്ദ്രൻ പട്ടയങ്ങളുണ്ടാക്കി സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന മൂന്നാർ കെ.ഡി.എച്ച് വില്ലേജിലെ സർവെ നമ്പർ 912ൽപ്പെട്ട പഴയ മൂന്നാർ ഉൾപ്പെടുന്ന ടൗൺ പ്രദേശത്തെ ഒന്നരയേക്കർ ഭൂമിയാണ് തിരിച്ചുപിടിക്കാൻ കളക്ടർ ഉത്തരവിട്ടത്. ഇത് കൂടാതെ സമീപത്തെ മറ്റ് 11 പട്ടയങ്ങൾ കൂടി റദ്ദാക്കാൻ നിർദ്ദേശമുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ദേവികുളം സബ് കളക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്. 1957ൽ കോട്ടയം ജില്ലാ കളക്ടറാണ് ഈ സ്ഥലം ഉൾപ്പെടുന്ന 500 ഏക്കർ ഭൂമി സർക്കാർ ആവശ്യത്തിനായി ഏറ്റെടുത്തത്. 40 വർഷം മുമ്പ് ഈ ഭൂമി സാമൂഹ്യ വനവത്കരണത്തിനായി സർക്കാർ ഏറ്റെടുത്തു. വനവത്കരണം നടക്കാതെ വന്നതോടെ സ്വകാര്യ വ്യക്തി ഇത് കൈവശപ്പെടുത്തി തന്റെ ബന്ധുക്കളുടെയും ജോലിക്കാരുടെയും പേരിൽ 15 രവീന്ദ്രൻ പട്ടയം തരപ്പെടുത്തി കൈവശം വച്ച് വരികയായിരുന്നു. ഈ ഭൂമി ആദ്യം കൈവശം വച്ചിരുന്ന വ്യക്തിയുടെ അനന്തരാവകാശി ഇക്കാനഗർ പുത്തൻവീട്ടിൽ ബിനു പാപ്പച്ചൻ 2017ൽ ഹൈക്കോടതിയെ സമീപിച്ചു. ഭൂമി സർക്കാർ ഏറ്റെടുക്കുകയോ തനിക്ക് വിട്ടുനൽകുകയോ ചെയ്യണമെന്നായിരുന്നു ആവശ്യം. 2018ലെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അന്നത്തെ സബ്‌കളക്ടർ ആയിരുന്ന ഡോ. രേണുരാജ് നാല് പട്ടയങ്ങൾ റദ്ദ് ചെയ്തിരുന്നു. ഇതിനെതിരെ പട്ടയ ഉടമകൾ ജില്ലാ കളക്ടറെ സമീപിച്ചിരുന്നു. ഭൂമിയുടെ കൈവം വച്ചിരുന്നയാൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജില്ലാ കളക്ടർക്ക് വിഷയം കൈമാറി. വിശദമായ പരിശോധനയിൽ ഇവരുടെ അപ്പീലുകൾ തള്ളുകയും മറ്റ് 11 പട്ടയം കൂടി റദ്ദാക്കി ഭൂമി ഏറ്റെടുക്കാൻ നിർദേശം നൽകുകയുമായിരുന്നു. റദ്ദാക്കിയ 4 പട്ടയത്തിന്റെ ഉടമകൾ ശരിയായ അവകാശികൾ അല്ലെന്നും കണ്ടെത്തി. ഇതിൽ മൂന്നുപേർ ഇപ്പോൾ ഭൂമി കൈവശം വെച്ചിരിക്കുന്നയാളുടെ ബന്ധുക്കളാണെന്നും മറ്റൊരാൾ ഒരു സ്ത്രീയാണെന്നും അവരുടെ പേരിൽ പട്ടയമുണ്ടെന്ന കാര്യം അവർക്കറിയില്ലെന്നും റിപ്പോർട്ടിലുണ്ട്. അതേ സമയം രവീന്ദ്രനെതിരെയും ഫയൽ കൈകാര്യം ചെയ്ത വില്ലേജ് അസിസ്റ്റന്റിനെതിരെയും റിപ്പോർട്ടിൽ ഗുരുതരമായ പരാമർശങ്ങളുണ്ട്. ഓരോ പട്ടയങ്ങളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്താനും തഹസിൽദാർ പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി സബ് കളക്ടർക്ക് കൈമാറണമെന്നും ഉത്തരവിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.