കട്ടപ്പന :നഗരസഭയിലെ കായിക പ്രേമികളുടെ ഏക ആശ്രയമായ മുൻസിപ്പൽ ഗ്രൗണ്ടിൽ കായിക വിനോദങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ സെക്രട്ടറിയുടെ നടപടി വിവാദമാകുന്നു.അനുമതി വാങ്ങാതെയുള്ള ക്രിക്കറ്റ് മത്സരങ്ങൾ പൂർണ്ണമായും മറ്റ് കായിക വിനോദങ്ങൾക്ക് ഓഫീസ് സമയത്തും നിയന്ത്രണമേർപ്പെടുത്തിയാണ് സെക്രട്ടറി തിങ്കളാഴ്ച്ച ഗ്രൗണ്ടിൽ ബോർഡ് സ്ഥാപിച്ചത്. ഓഫീസ് സമയത്തെ കായിക വിനോദങ്ങൾ കാരണം നഗരസഭാ കെട്ടിടത്തിന്റെ ചില്ലുകൾ തകരുന്നതിനാലും വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതുകൊണ്ടുമാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്നാണ് അധികൃതരുടെ വാദം.ബോർഡ് സ്ഥാപിച്ചത് വിവാദമായതോടെ ഡി വൈ എഫ് ഐ പ്രവർത്തകർ നഗരസഭയിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി.കട്ടപ്പനയിലെ കായിക പ്രതിഭകളെ അപമാനിക്കുന്ന തീരുമാനമാണ് കൗൺസിൽ അംഗങ്ങളുടെ അനുമതിയോടെ സെക്രട്ടറി നടപ്പാക്കിയതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത സി പി എം ഏരിയാ സെക്രട്ടറി വി. ആർ സജി ആരോപിച്ചു.യോഗത്തിന് ശേഷം പ്രതിഷേധ ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ച് ഗ്രൗണ്ടിൽ വാഴയും നട്ടാണ് പ്രവർത്തകർ മടങ്ങിയത്.ലോക്കൽ സെക്രട്ടറി ലിജോബി ബേബി,ജിബിൻ മാത്യു,ലിജോ ജോസ് ,ജോബി എബ്രഹാം,നിയാസ് അബു എന്നിവർ നേതൃത്വം നൽകി.
• നിർമാണമാരംഭിച്ചിട്ട് ഒന്നര പതിറ്റാണ്ട്
ഹൈറേഞ്ചിലെ കായിക പ്രതികളുടെ സ്വപ്നങ്ങൾക്ക് നിറം പകരേണ്ട
നഗരസഭ സ്‌റ്റേഡിയം നിർമാണം ആരംഭിച്ച് 17 വർഷങ്ങൾ പിന്നിട്ടിട്ടും തുറന്നു കൊടുത്തിട്ടില്ല.കാടുപിടിച്ചും ചെളിനിറഞ്ഞും കിടക്കുന്ന സ്‌റ്റേഡിയം കെടുകാര്യസ്ഥതയുടെ സ്മാരകമാണ്.കെ.ഫ്രാൻസിസ് ജോർജ് എം.പിയായിരുന്നപ്പോൾ 2005ൽ പത്തു ലക്ഷം രൂപ ചെലവഴിച്ചായിരുന്നു സ്‌റ്റേഡിയം നിർമാണം.തുടർന്നുള്ള വർഷങ്ങളിൽ എം എൽ എ ഫണ്ടിൽ നിന്നുൾപ്പടെ വിവിധ ആവശ്യങ്ങൾക്കായി ലക്ഷക്കണക്കിന് രൂപ അനുവദിച്ചു.ഇപ്പോഴും നഗരസഭയുടെ വാർഷിക ബജറ്റുകളിൽ സ്‌റ്റേഡിയം നിർമ്മാണം പൂർത്തീകരണത്തിന് തുക നീക്കി വയ്ക്കാറുണ്ടെങ്കിലും വിനിയോഗിക്കാറില്ല എന്നതാണ് വസ്തുത.
• നിയന്ത്രണം താത്കാലികം : ചെയർപേഴ്‌സൺ
താത്കാലിക നിയന്ത്രണം മാത്രമാണ് ഗ്രൗണ്ടിൽ ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് നഗരസഭാ ചെയർപേഴ്‌സൺ ബീനാ ജോബി വാഹനങ്ങൾക്കും കെട്ടിടത്തിലെ ചില്ലുകൾക്കും നാശനഷ്ടം സംഭവിക്കുന്നുവെന്ന ജീവനക്കാരുടെ പരാതിയെ തുടർന്നാണ് ഓഫീസ് പ്രവർത്തന സമയത്ത് കായിക മത്സരങ്ങൾ നിരോധിച്ചത്.കായിക താരങ്ങൾക്കെതിരല്ല നഗരസഭ.ഉടൻ തന്നെ ഗ്രൗണ്ടും മുൻസിപ്പൽ കെട്ടിടവും വേർതിരിച്ച് ഇരുമ്പ് നെറ്റ് സ്ഥാപിക്കും.ഇതിന് ശേഷം നിയന്ത്രണം ഒഴിവാക്കുമെന്നും അധ്യക്ഷ വ്യക്തമാക്കി.