ചെറുതോണി :വാഴത്തോപ്പ്, കഞ്ഞിക്കുഴി മേഖലകളിലെ പട്ടയം അട്ടിമറിയ്ക്കാൻ ഗൂഢനീക്കം നടക്കുന്നതായി
ഹൈറേഞ്ച് സംരക്ഷണ സമിതി . ജില്ലയിലെ വാഴത്തോപ്പ്, കഞ്ഞിക്കുഴി വില്ലേജുകളിൽ വിതരണം ചെയ്ത രണ്ടായിരത്തോളം പട്ടയങ്ങൾ റദ്ദു ചെയ്യുന്നതിനും നിലവിൽ തയ്യാറാക്കി അസ്സൈന്മെന്റ് കമ്മറ്റി പാസ്സാക്കിയ എഴുന്നൂറോളം പട്ടയങ്ങൾ നല്കാതിരിക്കുന്നതിനും ഗൂഢ നീക്കങ്ങൾ നടക്കുകയാണെന്ന് സംശയിക്കുകയാണെന്നും പട്ടയത്തിന്റെ സാധുത പരിശോധിക്കുന്നതിന് റവന്യൂ വിജിലൻസിനെ ഏല്പിക്കുന്നതിന് പിന്നിൽ ഇത്തരമൊരു താത്പര്യമാണ് കാണുന്നതെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ആരോപിച്ചു. ഇത്തരമൊരവസ്ഥ ഉണ്ടായാൽ സർക്കാരിന് കനത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നും സമിതി നേതാക്കൾ പ്രഖ്യാപിച്ചു.
അർഹരായവർക്കെല്ലാം പട്ടയം നൽകുക എന്ന ഇടത് സർക്കാർ നയത്തിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഇവിടെ പട്ടയം നൽകാൻ ആരംഭിച്ചത് ജനങ്ങളുടെ ദീർഘനാളത്തെ കാത്തിരിപ്പിനു പരിഹാരമാകുകയായിരുന്നു. എന്നാൽ ഇപ്പോൾ പട്ടയം കിട്ടിയവരും അതിനായി കാത്തിരിക്കുന്നവരും ഒരുപോലെ ആശങ്കയിലാണ്.സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ലിസ്റ്റ് പട്ടയ കമ്മറ്റി അംഗീകരിച്ചാണ് പട്ടയം നൽകിയിട്ടുള്ളത്. ആദിവാസികൾക്കും ജനറൽ വിഭാഗത്തിനും ഒരുപോലെ പട്ടയം നൽകിയിട്ടുണ്ട്. ഒരാൾക്ക് നാലേക്കർ വരെ പട്ടയത്തിന് അവകാശമുണ്ട്. അതിൽ കൂടുതൽ നൽകിയിട്ടുണ്ടെങ്കിൽ നടപടി എടുക്കാം പട്ടയ വിതരണത്തിനുള്ള വരുമാന പരിധി എടുത്തു കളഞ്ഞു സർക്കാർ ഉത്തരവും നിലവിൽ ഉണ്ട്.
.പട്ടയം നൽകാതിരിക്കാനുള്ള അനാവശ്യ നടപടികൾ ഒഴിവാക്കിയില്ലെങ്കിൽ വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ ഹൈറേഞ്ച് സംരക്ഷണസമിതി നിർബന്ധിതരാകുമെന്ന് സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ രക്ഷാധികാരികളായ ആർ മണിക്കുട്ടൻ, സി കെ മോഹനൻ, മൗലവി മുഹമ്മദ് റഫീഖ് അൽ കൗസരി എന്നിവർ പറഞ്ഞു.