ഉദ്ഘാടനതീയതി തീരുമാനിക്കാൻ പ്രത്യേക നഗരസഭാ കൗൺസിൽ ഇന്ന്
തൊടുപുഴ: ലോക്ക് ഡൗണിന്റെയും നവീകരണത്തിന്റെയും പേരിൽ രണ്ട് വർഷത്തിലേറെയായി അടഞ്ഞ് കിടക്കുന്ന തൊടുപുഴ നഗരസഭയുടെ കുട്ടികളുടെ പാർക്ക് ഈ മാസം തന്നെ സന്ദർശകർക്ക് തുറന്ന് കൊടുക്കും. ഇതിന്റെ ഭാഗമായി നവീകരണത്തിന്റെ അവസാന ഘട്ട ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം പാർക്ക് തുറക്കാൻ തീരുമാനിച്ചെങ്കിലും മഴ കാരണം പണികൾ പൂർണമായും തീർക്കാനായില്ല. ചില പെയിന്റിംഗ് ജോലികൾ ബാക്കിയുണ്ട്. കുറച്ചിടങ്ങളിൽ മണലും ഗ്രാവലുമടക്കം വിരിക്കാനുണ്ട്. ഇത് കൂടി കഴിഞ്ഞാൽ തുറന്നുനൽകാം. ഇക്കാര്യം ചർച്ച ചെയ്യാനും ഉദ്ഘാടന തീയതി തീരുമാനിക്കാനുമായി പ്രത്യേക നഗരസഭാ കൗൺസിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കൗൺസിൽ ഹാളിൽ ചേരും. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് വർഷം മുമ്പാണ് പാർക്ക് അടച്ചിട്ടത്.
പാർക്കിന്റെ നവീകരണത്തിനായി മുൻ ഭരണ സമിതിയുടെ കാലത്ത് 60 ലക്ഷം രൂപ അനുവദിച്ചിരുന്നു. എസ്റ്റിമേറ്റ് തയ്യാറാക്കലും ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകലുമൊക്കെ നേരത്തെ തന്നെ നടന്നെങ്കിലും നിർമ്മാണം ആരംഭിക്കലും പൂർത്തിയാക്കലും വൈകുകയായിരുന്നു. മുൻ കൗൺസിലിന്റെ കാലത്ത് ആരംഭിച്ച പണികൾ ഇപ്പോഴും തുടരുകയാണ്. ഇടക്കാലത്ത് പണികൾ നിലച്ചത് പ്രതിസന്ധി സൃഷ്ടിച്ചു.
നവീകരണ ജോലികൾ വൈകുന്നതിനെതിരെ ബി.ജെ.പിയും കോൺഗ്രസും ഉൾപ്പെടെയുള്ള നഗരസഭയിലെ പ്രതിപക്ഷ കക്ഷികൾ കൗൺസിൽ യോഗങ്ങളിൽ തുടർച്ചയായി പ്രതിഷേധമുയർത്തിയിരുന്നു. കൊവിഡിന് മുമ്പ് ദിനംപ്രതി കുട്ടികളും രക്ഷിതാക്കളുമടക്കം നൂറ് കണക്കിനാളുകളാണ് പാർക്കിൽ എത്തിയിരുന്നത്.
പുതിയ കളി ഉപകരണങ്ങൾ സജ്ജം
നവീകരണത്തിന്റെ ഭാഗമായി പാർക്കിൽ നിരവധി പുതിയ കളി ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ സജ്ജീകരിച്ചിട്ടുണ്ട്. നേരത്തെ ബോട്ടിങ്ങിന് നൽകിയിരുന്ന കുളം കടൽ മണലും ബബിൾസും നിറച്ച് കൊച്ചു കുട്ടികൾക്ക് കളിക്കാനായി നൽകും.കുട്ടികൾക്കായുള്ള കാർ റൈഡിംഗിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ ഫൗണ്ടൻ, കടൽ മണൽ, സുരക്ഷാ ക്യാമറാകൾ, ഓപ്പൺ സ്റ്റേജ്, പുതിയ ഇരിപ്പിടങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
നടപ്പാതകളെല്ലാം ടൈൽ വിരിച്ചും പെയിന്റ് ചെയ്തും മനോഹരമാക്കിയിട്ടുണ്ട്. മുൻ കാലത്തേതിൽ നിന്ന് വ്യത്യസ്തമായി ഇനി മുതൽ പാർക്കിൽ എത്തുന്നവർക്ക് കൂടുതൽ സമയം ചിലവഴിക്കാൻ അവസരമുണ്ടാകും. ഇതിനായി പാർക്കിന്റെ പ്രവർത്തി സമയം രാവിലെ എട്ട് മണി മുതൽ വൈകിട്ട് എട്ട് മണി വരെയാക്കിയിട്ടുണ്ട്. മുമ്പ് ഉച്ചയ്ക്ക് ശേഷം മാത്രമായിരുന്നു പാർക്കിൽ പ്രവേശനം ഉണ്ടായിരുന്നത്.
'അപ്രതീക്ഷിതമായി ദിവസങ്ങളോളം നീണ്ട മഴയാണ് പാർക്ക് തുറക്കുന്നത് വൈകാനിടയാക്കിയത്. ഈ മാസം തന്നെ എന്തായാലും പാർക്ക് തുറക്കും. ഇക്കാര്യം ചർച്ച ചെയ്യുന്നതിനാണ് പ്രത്യേക കൗൺസിൽ ചേരുന്നത്"
-സനീഷ് ജോർജ്ജ് (നഗരസഭാ ചെയർമാൻ)