നെടുങ്കണ്ടം : കൊവിഡ് കാലത്ത് കർഷകരെ സഹായിക്കാനായി നബാർഡ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്ത വായ്പകളുടെ തിരിച്ചടവ് കാലാവധി ദീർഘിപ്പിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്പെഷൽ ലിക്വിഡിറ്റി വായ്പ പദ്ധതി പ്രകാരമാണ് നബാർഡ് സഹകരണ ബാങ്കുകൾ വഴി പ്രളയ, കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ വായ്പ പദ്ധതി ആവിഷ്കരിച്ചത്. കാർഷിക വിലത്തകർച്ചയും വളം ഉത്പ്പന്നങ്ങളുടെ വില വർദ്ധനയും സ്കൂൾ തുറക്കുന്ന സമയവും കാരണം കർഷകർ ഇപ്പോഴും പ്രതിസന്ധിയിലാണ്. ഈ അവസ്ഥയിൽ വായ്പ കാലാവധി ദീർഘിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസുകുട്ടി വാണിയപ്പുര അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് സിബി മൂലേപ്പറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. കൊച്ചറ മോഹനൻ നായർ, ജോസ് ഞായർകുളം, ജോസ് പൂവത്തുംമൂട്ടിൽ, എം.എം.തോമസ്, റോയി പുളിക്കത്തൊണ്ടി, സൈബു മൂലേപ്പറമ്പിൽ, സിബി കളപ്പുര, ഷാജി പള്ളിവാതിൽക്കൽ, ജോയി മുണ്ടക്കൽ, അതുൽ ഡൊമിനിക്, ജോസ് പോത്താനിക്കാട്ട് എന്നിവർ പ്രസംഗിച്ചു