നെടുങ്കണ്ടം: ലൈഫ് ഭവന പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും ലഭിക്കുന്ന തുകയിൽ വർദ്ധനവ് ഉണ്ടാക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എം.എം മണി എംഎൽ എ. പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലെ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് ഭവന പദ്ധതി പ്രകാരം ഒരു കുടുംബത്തിനു 4 ലക്ഷം രൂപയാണ് ലഭിക്കുന്നത്. എന്നാൽ ഇപ്പൊൾ ലഭിക്കുന്ന തുക അപര്യാപ്തമാണെന്നും അത് ഉയർത്തണമെന്നുമുള്ള ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി കുഞ്ഞ് യോഗത്തിൽ അധ്യക്ഷനായിരുന്നു. നൂറ് ശതമാനം പദ്ധതി തുക ചെലവഴിച്ച രാജാക്കാട് രാജകുമാരി സേനാപതി കരുണാപുരം ഗ്രാമപഞ്ചായത്തുകൾക്ക് ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.
സെമിനാറിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ് വിഷയം അവതരിപ്പിച്ചു. എൽഎസ്ജിഡി അസിസ്റ്റന്റ് എഞ്ചിനിയർ അബ്ദുൾ സമദ് പി.എസ് പദ്ധതി നിർദേശങ്ങളുടെ അവലോകനം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വിവിധ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാർ, ബാങ്ക് പ്രതിനിധികൾ, മറ്റു സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.