തൊടുപുഴ: ഇന്നലെ വരെ അവരിൽ പലരും തൊഴിലുറപ്പ് ജോലികൾ ചെയ്ത് കുടുംബം പോറ്റിയിരുന്ന വീട്ടമ്മമാരായിരുന്നു. ഇന്ന് അവർ ജീവിതം തുന്നിച്ചേർക്കുകയാണ്. പറഞ്ഞു വരുന്നത് പുറപ്പുഴ പഞ്ചായത്തിലെ സ്വയംതൊഴിൽ പരിശീലനം നേടുന്ന 29 വനിതകളെക്കുറിച്ചാണ്. വീട്ടിൽ കീറിയതും പിഞ്ഞിയതുമായ വസ്ത്രങ്ങൾ മാത്രം തുന്നിയിരുന്ന അവരിപ്പോൾ മികച്ച തയ്യൽക്കാരികളായി മാറി. ഈ മാസം പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് തയ്യൽ മെഷീൻ വാങ്ങി ഇതൊരു ഉപജീവനമാർഗമാക്കാനാണ് ഇവരിൽ പലരുടെയും തീരുമാനം. തൊഴിലുറപ്പിൽ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയായവർക്ക് വേണ്ടിയാണ് ഉന്നതി പദ്ധതിയുടെ ഭാഗമായി സൗജന്യ തയ്യൽ പരിശീലനം നൽകുന്നത്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിന്റെ (ആർ- സെറ്റി) നേതൃത്വത്തിലാണ് സ്ത്രീകൾക്ക് പരിശീലനം നൽകുന്നത്. തൊടുപുഴ ബ്ലോക്കിൽ പുറപ്പുഴ പഞ്ചായത്താണ് ഇതിന് മുൻകൈയെടുത്തത്. ജില്ലയിൽ ആർ- സെറ്റിയുടെ നേതൃത്വത്തിൽ തയ്യൽ പരിശീലനം നടക്കുന്ന ഏക പഞ്ചായത്തും പുറപ്പുഴയാണ്. ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലനം നൽകുന്നത് സംഗീത ഷിബുവാണ്. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുമണി വരെയാണു ക്ലാസ്. ഈ സമയത്ത് ചായ, സ്‌നാക്‌സ്, ഉച്ചയൂണ് എന്നിവയും പഠിതാക്കൾക്ക് സൗജന്യമായി ലഭിക്കും. 18- 45 വയസാണ് സാധാരണ പ്രായപരിധി. ഇങ്ങനെ പരിശീലന പരിപാടി പൂർത്തീകരിക്കുന്നവർക്കു സ്വന്തം നിലയിൽ സംരംഭങ്ങൾ തുടങ്ങുന്നതിനോ തൊഴിൽ കണ്ടെത്തുന്നതിനോ ആവശ്യമായ കൈത്താങ്ങും സഹായങ്ങളും ഇവർ നൽകുമെന്നതാണ് പ്രത്യേകത. തയ്യൽ മെഷീൻ വാങ്ങാനും കട തുടങ്ങാനും വായ്പയും നൽകും. എല്ലാ പിന്തുണയുമായി പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാലും സഹപ്രവർത്തകരും ഒപ്പമുണ്ട്. തയ്യലിൽ മാത്രമല്ല ഫോട്ടോഗ്രഫി മുതൽ ബ്യൂട്ടീഷൻ കോഴ്സിന് വരെ സൗജന്യമായി ആർ- സെറ്റി പരിശീലനം നൽകുന്നുണ്ട്. ഒരു ബാച്ചിൽ കുറഞ്ഞത് 25 പേരുണ്ടാകണമെന്ന് മാത്രം.