തൊടുപുഴ: തൊടുപുഴ- പാല റൂട്ടിൽ കോലാനിക്ക് സമീപം നടുക്കണ്ടത്ത് കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് 1.15 നായിരുന്നു സംഭവം. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന കോലാനി പാറക്കടവ് സ്വദേശി മൂങ്ങനാനിക്കൽ ജിതിൻ ബേബിയ്ക്കാണ് (30) സാരമായി പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്നു കാർ നടുക്കണ്ടത്ത് വെച്ച് നിയന്ത്രണം നഷ്ടമായി എതിർദിശയിലേക്ക് വന്ന ബൈക്കിലേക്ക് പാഞ്ഞു കയറുകയായിരുന്നു. തൊടുപുഴ സ്വദേശി സുരേന്ദ്രനും കുടുംബവും ഏറ്റുമാനൂർ ക്ഷേത്രത്തിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.