തൊടുപുഴ: വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ വാർഷികവും ഹിന്ദു ഹെൽപ് ഡെസ്‌ക് ഉദ്ഘാടനവും ഞായറാഴ്ച്ച തൊടുപുഴ ശ്രീവത്സം ഹാളിൽ നടക്കും. വി.എച്ച് പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി പരിപാടികൾ ഉദ്ഘാടനം ചെയ്യുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ പങ്കെടുക്കും.
രാവിലെ 10.30 മുതൽ ജില്ലയിലെ യൂണിറ്റ് ഭാരവാഹികൾ ഉൾപ്പെടുന്നവരുടെ പ്രവർത്തക യോഗവും വൈകിട്ട് 3.30 ന് ഹെൽപ് ഡെസ്‌ക് ഉദ്ഘാടനവും 5.30 ന് പൗര പ്രമുഖർ ഉൾപെടുന്നവരുടെ പൊതുയോഗവും നടക്കും. ആദ്ധ്യാത്മികതയിലൂടെ നവകേരള സൃഷ്ടി എന്ന ലക്ഷ്യത്തോടെ ജാതി രാഷ്ടീയ ചിന്തകൾക്കതീതമായി ഹിന്ദു ധർമ്മവും വിശ്വാസങ്ങളും പുനസ്ഥാപിച്ച് ഹൈന്ദവ ഐക്യം സാദ്ധ്യമാക്കുകയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രവർത്തനമെന്ന് ഭാരവാഹികൾ പറഞ്ഞു.
വീട് വിദ്യാഭ്യാസം തൊഴിൽ ഭക്ഷണം ചികിത്സ തുടങ്ങി ഏതാവശ്യത്തിനും ഏതൊരു ഹിന്ദുവിനും സഹായ ഹസ്തമാവുകയാണ് ഹിന്ദു ഹെൽപ് ഡെസ്‌കിന്റെ ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ലാ രക്ഷാധികാരി രാധാകൃഷ്ണൻ മുണ്ടമറ്റം, വൈസ് പ്രസിഡന്റ് ബി. സോമശേഖരൻ , സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ , ട്രഷറർ എം.പി. സദാശിവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.