കട്ടപ്പന: നഗരസഭാ കാര്യാലയത്തിന് മുൻപിലെ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിയും ഓഫീസ് സമയത്തെ കായിക വിനോദങ്ങളും നിരോധിച്ച് സെക്രട്ടറി സ്ഥാപിച്ച ബോർഡ് വൈസ് ചെയർമാന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ പിഴുതുമാറ്റി. വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, നഗരസഭാംഗങ്ങളായ സിബി പറപ്പായി ,സിജു ചക്കുംമൂട്ടിൽ എന്നിവരാണ് ബോർഡ് പിഴുതുമാറ്റിയത്. നഗരസഭയിൽ മറ്റൊരു പൊതു മൈതാനമില്ലെന്നിരിക്കെ മുൻസിപ്പൽ ഗ്രൗണ്ടിലെ കായിക വിനോദങ്ങൾ നിയന്ത്രിച്ച് സെക്രട്ടറി ബോർഡ് സ്ഥാപിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.എന്നാൽ ക്രിക്കറ്റ് കളിയെ തുടർന്ന് നഗരസഭാ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നതും വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതും കൊണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത് എന്നാണ് അധികൃതർ നൽകിയ വിശദീകരണം.തുടർന്ന് സെക്രട്ടറിയുടെ നടപടിയിൽ പ്രകോപിതരായ ഭരണസമിതി അംഗങ്ങൾ ബോർഡ് പിഴുതു നീക്കുകയായിരുന്നു.സ്റ്റിയറിങ് കമ്മിറ്റിയുടെയോ കൗൺസിലിന്റെയൊ അനുമതിയില്ലാതെയാണ് ബോർഡ് സ്ഥാപിച്ചത്.സെക്രട്ടറി മേയിൽ വിരമിയ്ക്കുന്നതിന് മുൻപ് സ്വന്തം താത്പര്യ പ്രകാരം സ്ഥാപിച്ചതാണ് ബോർഡ്.ഭരണസമിതി അറിയാതെ അനധികൃതമായി സ്ഥാപിച്ച ബോർഡ് നീക്കം ചെയ്യുകയാണ് ഉണ്ടായത്.ബോർഡ് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് കൗൺസിൽ തീരുമാനമെടുക്കുമെന്നും ഭരണസമിതി അംഗങ്ങൾ പ്രതികരിച്ചു.