മൂലമറ്റം : പൊതു സ്ഥലത്ത് നിക്ഷേപിച്ച ഭക്ഷണാവശിഷ്ടങ്ങളും മറ്റും വൈദ്യുതി ബോർഡ് നീക്കം ചെയ്തു. ഉദ്യോഗസ്ഥരുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട് മിച്ചം വന്ന ഭക്ഷണവും അവശിഷ്ടങ്ങളുമാണ് മൂലമറ്റത്ത് പഞ്ചായത്ത് വക സ്ഥലത്ത് നിക്ഷേപിച്ചത്. ഇത് നീക്കം ചെയ്യണമെന്നും 10,000 രൂപ പിഴയടയ്ക്കണമെന്നുമാവശ്യപ്പെട്ട് വൈദ്യുതി ബോർഡ് ഡപ്യൂട്ടി ചീഫ് എൻജിനീയർക്ക് അറക്കുളം പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. മാലിന്യം നീക്കിയെങ്കിലും പിഴയടയ്ക്കുന്നതിന് വൈദ്യുതി ബോർഡ് തയ്യാറായിട്ടില്ല.വൈദ്യുതി ബോർഡിന്റെ നടപടികൾ നിരീക്ഷിച്ചുവരികയാണെന്ന് പഞ്ചായത്തധികൃതർ വ്യക്തമാക്കി.
അതിനിടെ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചിരുന്നു. അസിസ്റ്റന്റ് എൻജിനിയർ ഗ്ലാഡിസിന്റെ നേതൃത്വത്തിലുള്ള ടീമാണ് സന്ദർശനം നടത്തിയത്. പൊതു സ്ഥലത്ത് മാലിന്യം കത്തിച്ചതിനും വലിച്ചെറിഞ്ഞതിനുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡധികൃതർ വ്യക്തമാക്കി.