തൊടുപുഴ: ലോക്ക് ഡൗണിന്റെയും നവീകരണത്തിന്റെയും പേരിൽ രണ്ട് വർഷത്തിലേറെയായി അടഞ്ഞ് കിടക്കുന്ന തൊടുപുഴ നഗരസഭയുടെ കുട്ടികളുടെ പാർക്ക് ഈ മാസം 15 ന് തുറക്കും. വെള്ളിയാഴ്ച ചേർന്ന തൊടുപുഴ നഗരസഭ കൗൺസിൽ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ മാസം പാർക്ക് തുറക്കാൻ തീരുമാനിച്ചെങ്കിലും മഴ കാരണം പണികൾ പൂർണമായും തീർക്കാനായില്ല.
പാർക്കിന്റെ പ്രവർത്തിസമയം രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് എട്ട് മണി വരെയാക്കിയിട്ടുണ്ട്. മുമ്പ് ഉച്ചയ്ക്ക് ശേഷം മാത്രമായിരുന്നു പാർക്കിൽ പ്രവേശനം ഉണ്ടായിരുന്നത്. കുട്ടികൾക്ക് പ്രവേശം സൗജന്യമാണെങ്കിലും മുതിർന്നവർക്ക് പത്ത് രൂപ ഫീസ് ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല രണ്ട് ജീവനക്കാരെ പാർക്കിലേക്ക് മാത്രമായി നിയോഗിക്കും. പാർക്കിലെ ഓപൺ സ്റ്റേജ് കലാ പരിപാടികൾക്കായി നൽകാനും ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. ബോട്ടിങ്ങിനായി ഉപയോഗിച്ചിരുന്ന കുളത്തിൽ അലങ്കാര മത്സ്യങ്ങളെ നിക്ഷേപിക്കാനും പാർക്കിലെ ഐസ്‌ക്രീം പാർലർ ലേലത്തിൽ നൽകാനും കൗൺസിലിൽ ധാരണയായി.