തമിഴ്നാട്ടിലെ സൗജന്യ അരി തോട്ടംമേഖലയിൽ വിൽപ്പനയ്ക്ക് മൂക്ക് കയർ

പീരുമേട്: അതിർത്തിവഴി റേഷനരി അനധികൃതമായി കടത്തിക്കൊണ്ട് വന്ന് തൊഴിലാളികൾക്ക് വിലകൂട്ടി വിറ്റഴിക്കുന്നതക തടയാൻ നടപടി. . ജില്ലയുടെ അതിർത്തി മേഖലയിൽ
ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കേരള- തമിഴ്നാട് സംയുക്ത പരിശോധനയ്ക്ക് തീരുമാനമായി. തേക്കടിയിൽചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിലാണ് തീരുമാനം.തമിഴ്‌നാട്ടിൽ ഒരു റേഷൻ കാർഡ് ഉടമയ്ക്ക് പ്രതിമാസം 40 കിലോ അരി സർക്കാർ സൗജന്യമായി കൊടുക്കുന്നു. റേഷൻ കടകൾ വഴി വിതരണത്തിനെത്തുന്ന അരി റേഷൻ കടയുടമകൾ ഇടനിലക്കാർക്ക് കുറഞ്ഞ തുകയ്ക്ക് വിൽക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ പ്രതിമാസം ടൺ കണക്കിന് അരിയാണ് ഇടുക്കി ജില്ലയുടെ അതിർത്തി കടന്ന് വരുന്നത്. ഇങ്ങനെ എത്തുന്ന വെള്ളയരി തോട്ടം മേഖലയിൽ വ്യാപകമായി വിറ്റഴിക്കുകയാണ് പതിവ്. തോട്ടം തൊഴിലാളികളാണ് കൂടുതലായും ഉപയോഗിക്കുന്നത്. 30 മുതൽ 35 രൂപ നിരക്കിലാണ് ഇടനിലക്കാർ തൊഴിലാളികൾക്ക് വിൽക്കുന്നത്. മൂന്നാർ,പൂപ്പാറ, വണ്ടിപ്പെരിയാർ,പീരുമേട്,ഏലപ്പാറ,ഉടുമ്പൻചോല മേഖലകളിലാണ് അരിക്കച്ചവടം വ്യാപകമായിരിക്കുന്നത്. ഒരു കിലോ അരിയിൽ ഇടനിലക്കാർക്ക് അഞ്ച് മുതൽ ഏഴ് രൂപ വരെ കിട്ടും.
അതിർത്തി പ്രദേശങ്ങളിൽ ഇരു സംസ്ഥാനങ്ങളിലെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ഒരുമിച്ച് പരിശോധനകൾ സംഘടിപ്പിക്കും. അതിർത്തി കടന്നെത്തുന്ന അരി ലോഡുകളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം വിൽപ്പനക്കാരന്റെയും വാങ്ങുന്ന ആളുടെയും വിവരങ്ങൾ ശേഖരിക്കുകയും ഇവ പരിശോധിച്ച് ഉറപ്പ് വരുത്താനുമാണ് ഉദ്യോഗസ്ഥരുടെ നീക്കംതേക്കടയിൽ നടന്ന ആലോചന യോഗത്തിൽ മധുര സോൺ എസ്.പി. എം.ഭാസ്‌കരൻ, ഡി. വൈ.എസ്.പി. എം. ബാലസുബ്രഹ്മണ്യൻ , കട്ടപ്പന ഡിവൈ.എസ്.പി. നിഷാദ്‌മോൻ, കുമളി സി.ഐ. ജോബിൻ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.

തമിഴ്നാട്ടിൽ

കർശന നിയമം

തേനി, കോയമ്പത്തൂർ മേഖലകളിൽ നിന്നുള്ള അരികടത്തൽ തടയുന്നതിന് തമിഴ്‌നാട്ടിൽ കർശന നിയമവും സിവിൽ സപ്ലൈസ് സ്‌ക്വാഡും ഭക്ഷ്യവകുപ്പിന്റെ പ്രത്യേകസെല്ലും പ്രവർത്തിക്കുന്നുണ്ടെങ്കിലും കുമളി ചെക്ക് പോസ്റ്റിലൂടെയുള്ള അരികടത്തൽ തടയാൻ നടപടികളില്ലന്നപരാതി ഉയർന്നതോടെയാണ് ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് ഉന്നത ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കാൻ യോഗം ചേർന്നത്.