നെടുങ്കണ്ടം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകളുടെ എണ്ണം കുറഞ്ഞതോടെ ഹൈറേഞ്ച് മേഖലയിൽ പഴകിയ മത്സ്യത്തിന്റെ വിൽപ്പന വീണ്ടും സജീവം. അണക്കരമെട്ട് സ്വദേശിയായ ഗൃഹനാഥൻ നെടുങ്കണ്ടത്തുനിന്നും വാങ്ങിയ മീൻ മുറിച്ചപ്പോൾ രൂക്ഷ ഗന്ധവും എണ്ണമെഴുക്ക് പോലെയുള്ള രാസവസ്തുവും പുറത്തുവന്നു. സംഭവത്തിൽ ഗൃഹനാഥൻ നെടുങ്കണ്ടം ഭക്ഷ്യസുരക്ഷാ ഓഫീസിലെത്തി പരാതി നൽകി. അണക്കരമെട്ട് പനന്താനത്തിൽ പി.കെ.ശ്രീനിവാസനാണ് പഴകിയ മീനുമായി ഭക്ഷ്യസുരക്ഷാ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയത്. വീട്ടിലെത്തി മീൻവെട്ടി കഷ്ണങ്ങളാക്കിയപ്പോഴാണ് വെളിച്ചത്തിൽ തിളങ്ങുന്നതും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതുമായ രാസവസ്തു പുറത്തുവന്നതെന്ന് ശ്രീനിവാസൻ പറഞ്ഞു. നിരവിധി തവണ കഴുകിയിട്ടും ഈ രാസവസ്തു മീനിൽ നിന്നും വീണ്ടും പുറത്തുവന്നു നെടുങ്കണ്ടത്ത് എത്തിച്ച മീൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ പരിശോധന ലാബിൽ എത്തിച്ച് ശാസ്ത്രീയ പരിശോധന നടത്തി. പരിശോധനയിൽ മീൻ പഴകിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോർമാലിൻ പോലെയുള്ള രാസവസ്തുക്കളുടെ സാന്നിധ്യം മീനിൽ കണ്ടെത്താനായില്ല. ശരിയായരീതിയിൽ ഐസ് ഇട്ട് സൂക്ഷിക്കാത്തതിനാലാണ് മീൻ കേടായതെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക നിഗമനം. ചൂര ഉൾപ്പെടയുള്ള മീനുകൾ പഴകുമ്പോൾ, മീനിനുള്ളിൽ തന്നെ രൂപപ്പെടുന്ന രാസവസ്തുവാണ് പുറത്തേക്കുവന്ന തിളക്കമുള്ള ദ്രാവകമെന്ന് ഉടുമ്പൻചോല ഭക്ഷ്യസുരക്ഷ ഓഫീസർ ആൻമേരി ജോൺസൺ പറഞ്ഞു. പഴകിയ മത്സ്യം പിടികൂടിയ കടയിൽ ശനിയാഴ്ച പരിശോധന നടത്തുമെന്നും ഭക്ഷ്യസുരക്ഷാ ഓഫീസർ അറിയിച്ചു. ജില്ലയിൽ പലതവണ മത്സ്യ വ്യാപാര ശാലകളിൽ പരിശോധന നടത്തി പഴകിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട് എങ്കിലും. ഇതുവരെയും രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല .